പൊലീസായാൽ എന്തും ചെയ്യാമെന്നോ?

Friday 05 September 2025 3:11 AM IST

കുറ്റാന്വേഷണരംഗത്ത് ഇന്ത്യയിൽത്തന്നെ മുന്നിൽ നിൽക്കുന്ന കേരള പൊലീസ് പാവപ്പെട്ടവരും സാധാരണക്കാരുമായവരെ ക്രൂരമായി മർദ്ദിക്കുന്നതിലും ഒന്നാംസ്ഥാനത്ത് തുടരുകയാണ്. തൃശൂരിലെ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് സുജിത്തിനെ ഒരു തെറ്റും ചെയ്യാതെ അതിക്രൂരമായി മർദ്ദിച്ച് ചെവിക്കല്ല് തകർത്ത സംഭവം രണ്ടുവർഷങ്ങൾക്കുശേഷം പുറത്തുവന്നത് കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഈ പരിഷ്‌കൃത സമൂഹത്തിൽ ഇത്രയും ക്രൂരത കാട്ടാനുള്ള ധൈര്യം പാെലീസിന് എവിടെനിന്നു കിട്ടി? എന്തു ചെയ്താലും സംരക്ഷിക്കാൻ ആളുണ്ടാകുമെന്ന വിശ്വാസമില്ലാതെ ഇതിന് ആരും മുതിരുമെന്നു തോന്നുന്നില്ല.

ക്ഷേത്ര പൂജാരിയും യൂത്ത് കോൺഗ്രസ് ചൊവ്വനൂർ മണ്ഡലം പ്രസിഡന്റുമായ സുജിത്തിന് 2023 ഏപ്രിൽ അഞ്ചിന് നടന്ന ഈ സംഭവത്തിലൂടെ കേൾവിത്തകരാറുണ്ടായി. വഴിയരികിൽ നിൽക്കുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ചോദ്യം ചെയ്തതാണ് സുജിത്ത് ചെയ്ത കുറ്റം. മദ്യപിച്ച് പ്രശ്നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും അവരുടെ കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന് വ്യാജ എഫ്.ഐ.ആറും തയ്യാറാക്കി. സ്റ്റേഷനിൽ കൊണ്ടുവന്ന സുജിത്തിനെ എസ്.ഐയും സി.പി.ഒമാരും വളഞ്ഞിട്ടു മർദ്ദിക്കുകയായിരുന്നു. എന്നാൽ വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസിലാക്കിയ ചാവക്കാട് മജിസ്ട്രേറ്റ് കോടതി ജാമ്യത്തിൽ വിടുകയായിരുന്നു. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ നടന്ന മർദ്ദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകാരം സുജിത്ത് നേടിയെടുത്തതോടെയാണ് നടുങ്ങിപ്പോകുന്ന കാഴ്ച കേരളം കണ്ടത്. പൊലീസുകാരെ യൂണിഫോമിട്ട ക്രിമിനലുകളെന്നു വിശേഷിപ്പിക്കുന്ന വാദഗതികൾക്ക് ചേരുന്ന ഉദാഹരണമായിരുന്നു ആ കൊടിയ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ.

രക്ഷിക്കേണ്ട കൈകൾ കൊണ്ട് ശിക്ഷിക്കുന്ന അതിക്രൂരമായ കസ്റ്റോഡിയൽ മർദ്ദനമാണ് കുന്നംകുളത്ത് നടന്നത്. സാധാരണക്കാരുടെ പരാതികൾക്ക് പരിഹാരം കാണേണ്ടവരാണ് പൊലീസുകാർ. ഇവിടെ മർദ്ദനമേറ്റത് ഒരു പൊതു പ്രവർത്തകനാണ്. അയാൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടതുമാണ്. വിഷയത്തിൽ വകുപ്പുതലത്തിൽ അച്ചടക്കനടപടി സ്വീകരിച്ചിരുന്നതായി പറയുന്നുണ്ട്. പ്രാഥമിക അന്വേഷണത്തിൽ കൂടുതൽ സഹായിക്കുന്ന സുപ്രധാന തെളിവാണ് സി.സി ടി.വിയിലൂടെ ലഭിച്ചത്. പൊതുസമൂഹം ഇപ്പോൾ കണ്ട ദൃശ്യങ്ങൾ അന്നുതന്നെ അച്ചടക്ക ലംഘനം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന് ലഭ്യമായിരുന്നു. സംഭവത്തിന്റെ ഭീകരത മനസിലായിട്ടാണ് ദൃശ്യങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കാതിരുന്നതെങ്കിൽ അവരുടെ സമീപനവും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. എന്തായാലും വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ടുള്ള നടപടി ഉണ്ടായിട്ടുണ്ടെന്ന് കരുതാൻ നിർവാഹമില്ല. വിദ്യാസമ്പന്നരായ ഒട്ടേറെ യുവാക്കൾ ഇന്ന് പൊലീസ് സേനയിലേക്ക് കടന്നുവരുന്നുണ്ട്. അനുഭാവപൂർവം സാധാരണക്കാരോട് പെരുമാറുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ പുഴുക്കുത്ത് ബാധിച്ച കുറച്ചുപേർ മതി സേനയ്ക്കാകെ കളങ്കമേൽപ്പിക്കാൻ. തിരുവല്ലയിൽ എ.ഐ.ജിയുടെ വാഹനമിടിച്ചു പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളിയെ പ്രതിയാക്കി കേസെടുത്ത സംഭവം സേനയ്ക്കാകെ നാണക്കേട് വരുത്തിവച്ചിട്ട് ഏതാനും ദിവസങ്ങളേയായുള്ളൂ. പ്രതിഷേധമുയർന്നതിനെ തുടർന്ന് പൊലീസ് വാഹനം ഓടിച്ച ഡ്രൈവറെ പ്രതിയാക്കി എഫ്.ഐ.ആർ തിരുത്തുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റയാൾ ആശുപത്രിയിൽ കഴിയുമ്പോഴാണ് അയാളെ പ്രതിയാക്കി കേസെടുത്തത്. ഈ മനുഷ്യത്വരഹിതമായ പ്രവൃത്തി ചെയ്യാൻ നേതൃത്വം നൽകിയവരടക്കമുള്ളവരെ സർവീസിൽനിന്ന് പിരിച്ചുവിടുകയാണ് വേണ്ടത്.

രണ്ട് പതിറ്റാണ്ടുമുമ്പൊരു ഓണക്കാലത്ത് തിരുവനന്തപുരത്ത് ഉദയകുമാർ എന്നൊരു യുവാവിനെ മോഷണക്കുറ്റം ചുമത്തി ഉരുട്ടിക്കൊന്ന സംഭവത്തിലെ പൊലീസുകാരായ പ്രതികൾ കുറ്റവിമുക്തരായതുമൊക്കെ നമ്മുടെ കൺമുന്നിലുണ്ട്. മകനെ പച്ചയ്ക്ക് കൊന്നവർ മോചിക്കപ്പെട്ടതിൽ മനംനൊന്ത് വിലപിക്കുന്ന ഒരമ്മയുടെ കരച്ചിലും മാഞ്ഞിട്ടില്ല. പൊലീസായാൽ എന്തും ചെയ്യാനുള്ള ലൈസൻസായെന്ന് കരുതുന്നവരുണ്ട്. അത്തരത്തിൽ പെട്ടവരാണ് കുന്നംകുളത്ത് സുജിത്തിനെ ക്രൂരമായി മർദ്ദിച്ചത്. അക്കൂട്ടരെ ശിക്ഷാനടപടിയെന്ന പേരിൽ സ്ഥലംമാറ്റിയിട്ട് ഒരുകാര്യവുമില്ല. ഇത്തരം തെറ്റുകൾ ആവർത്തിക്കപ്പെടാതിരിക്കണമെങ്കിൽ കഠിനമായ ശിക്ഷ തന്നെ നൽകേണ്ടിയിരിക്കുന്നു. ക്രൂരമായ ലോക്കപ്പ് മർദ്ദനം മുമ്പ് നേരിട്ടിട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് മന്ത്രികൂടിയായിരിക്കുമ്പോൾ ഒരു വിട്ടുവീഴ്ചയും ജനങ്ങൾ പ്രതീക്ഷിക്കുകയില്ല.