കരിനിഴലുകളില്ല, ഓണം ഇക്കുറി ആമോദം

Friday 05 September 2025 4:17 AM IST

ടന്നുപോയ ഏഴു വർഷങ്ങളിൽ ഓണം മനസു തുറന്ന് ആഘോഷിക്കാനാകാത്ത സ്ഥിതിയിലായിരുന്നു മലയാളികൾ. മഹാപ്രളയത്തിൽ കേരളം മുങ്ങിമറയുമെന്ന് ഭയപ്പെട്ട ദിനങ്ങൾ, മഹാമാരിയിൽ മനുഷ്യന് വംശനാശം വരുമെന്ന് ഭയപ്പെട്ട മാസങ്ങൾ, കുത്തൊഴുക്കിൽ വയനാട്ടിലെ ഒരു ഭൂപ്രദേശവും സഹജീവികളും ഇല്ലാതാകുന്നത് കണ്ടു നടുങ്ങിയ നിമിഷങ്ങൾ. അതിനെല്ലാം പിന്നാലെയാണ് അതത് വർഷങ്ങളിൽ ഓണം കടന്നുവന്നത്. അന്നൊക്കെ ഓണം കൊണ്ടാടുമ്പോൾ ഒരു നൊമ്പരം ഉളളിൽ നിന്ന് തികട്ടി വന്നിരുന്നു. ഇതിനിടെ 2023ലെ ഓണം സമാധാനപരമായിരുന്നു. എന്നാൽ ആ വർഷം നല്ലൊരു വിഭാഗവും സാമ്പത്തിക ഞെരുക്കത്തിന്റെ പ്രതിസന്ധിയിലായിരുന്നു. 2025 ൽ ഇതുവരെ അത്തരം ശനിദശകൾ ഉണ്ടായിട്ടില്ല. ഇന്നിപ്പോൾ ഓണം മൂഡിന്റെ പാരമ്യത്തിലാണ് നമ്മൾ. എങ്കിലും കഴിഞ്ഞുപോയ വർഷങ്ങളുടെ ഓർമ്മകൾ പിൻതുടരുകയാണ്; പഠിച്ച പാഠങ്ങളും.

പ്രളയകാലം

99 ലെ വെള്ളപ്പൊക്കം എന്നൊരു പ്രയോഗമുണ്ടായിരുന്നു കേരളത്തിൽ. നൂറുവർഷം മുമ്പുണ്ടായ മഹാപ്രളയത്തെ ഓർത്തെടുത്തിരുന്നു തല മുതിർന്നവർ. മലയാള വർഷം 1099ലായിരുന്നു ആ പ്രകൃതിദുരന്തം. സന്തുലിത കാലാവസ്ഥ തുടർന്നുപോന്ന കേരളത്തിൽ അത്തരത്തിലൊന്ന് ആവർത്തിക്കില്ലെന്നായിരുന്നു ധാരണ. എന്നാൽ 2018ലെ സ്വാതന്ത്രദിനത്തിലെ മഴപ്പെയ്ത്ത് കണക്കുകൂട്ടലുകൾ തെറ്റിച്ചു. ഇടമുറിയാത്ത പേമാരി അടുത്ത ദിവസങ്ങളിലും തുടർന്നതോടെ മിക്ക ജില്ലകളും മുങ്ങി. വീടുകളിലും ടെറസുകളിലും കുടുങ്ങിയവരുടെ മുറവിളികൾ. രക്ഷാസന്ദേശങ്ങൾ അറിയിക്കാൻ പോലും കഴിയാത്ത വിധം ഫോണുകളും വൈദ്യുതി സംവിധാനങ്ങളും നിശ്ചലമായി. നിരവധി ജീവനുകൾ പൊലിഞ്ഞു. കേരളം ഒരേ മനസോടെ കൈത്താങ്ങായി. സാധാരണക്കാരും ധനികരുമെല്ലാം ദുരിതാശ്വാസ ക്യാമ്പുകളിലെ അന്തേവാസികളായി. പലർക്കും സമ്പാദിച്ചതെല്ലാം നഷ്ടമായി. മഴയൊന്നടങ്ങിയപ്പോൾ കേരളപുനർനിർമ്മാണത്തിന് സർക്കാർ പദ്ധതി തയ്യാറാക്കി. സംഭാവനകളും ഒഴുകിയെത്തി. ഒന്നു തലപൊക്കാൻ ശ്രമിച്ചപ്പോഴേയ്ക്കും 2019 ൽ അടുത്ത പ്രളയമെത്തി. മുൻ വർഷത്തെയത്ര വ്യാപകമായില്ലെങ്കിലും പ്രഹരശേഷി കൂടുതലായിരുന്നു. പുത്തുമലയും കവളപ്പാറയിലും ഉരുൾപൊട്ടി ഒട്ടേറെ ജീവനുകൾ പൊലിഞ്ഞു. ഇതിന്റെയെല്ലാം പകപ്പു മാറുംമുമ്പേയാ ണ് 2020 കടന്നുവന്നത്. അപ്രതീക്ഷിത പ്രഹരവുമായി.

കൊവിഡ് കാലം

മഹാമാരിയുടെ ഭീതി പാരമ്യത്തിൽ നിന്ന സമയത്തായിരുന്നു 2020ലെ ഓണം. രാജ്യമെങ്ങും സമ്പൂർണ ലോക്‌ഡൗൺ. റോഡുകളും ചെറു തെരുവുകൾ പോലും പൊലീസ് ബാരിക്കേഡ് വച്ച് പൂട്ടിയ സമയം. ഏതെങ്കിലും കുടുംബത്തിൽ പനിയുണ്ടെന്നറിഞ്ഞാൽ, പ്രവാസി എത്തിയിട്ടുണ്ടെന്നറിഞ്ഞാൽ അങ്ങോട്ടു തിരിഞ്ഞുനോക്കാത്ത അവസ്ഥ. ജലദോഷം പിടിപെട്ടാൽ വീട്ടിലെ അംഗങ്ങൾ തമ്മിലും അകലം പാലിക്കേണ്ട ദുർഗതി. ബാ‌ർബർ ഷോപ്പുകളിലെത്താൻ ഭയന്ന് മുടിയും താടിയും നീട്ടിയിരുന്ന സമയം. മരുന്നു വാങ്ങാൻ പുറത്തിറങ്ങണമെങ്കിൽ പൊലീസിന്റെ പാസും ചോദ്യംചെയ്യലും നേരിടേണ്ടിയിരുന്നു. കൊവിഡ് പിടിപെട്ടവരുടേയും മരിച്ചവരുടേയും കണക്കുകൾ ഓരോ ദിവസവും അറിയുമ്പോൾ ഉണ്ടായിരുന്ന നടുക്കം. അതിനാൽ ഓണക്കാലത്ത് സാധാരണക്കാരും സമ്പന്നരുമെല്ലാം സർക്കാരിന്റെ കിറ്റുകളെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. കറികൾക്കും മറ്റും പറമ്പിലെ പച്ചിലകളെ വരെ ആശ്രയിക്കേണ്ടിയും വന്നു. ഇത്തരത്തിൽ മുൾമുനയിൽ നിന്നുകൊണ്ടായിരുന്നു 2020ലെ ഓണം. 2021, 2022 വർഷങ്ങളിലും ഓണക്കാലത്ത് കൊവിഡ് പ്രോട്ടോകോൾ നിലനിന്നിരുന്നു. ആൾക്കൂട്ടങ്ങൾക്കും ആഘോഷങ്ങൾക്കും നിയന്ത്രണങ്ങൾ തുടർന്നു. അതിനാൽ ഓണവും ഒരു ചട്ടക്കൂടിൽ ഒതുങ്ങി. 2023ലെ ഓണത്തിന് ഇത്തരം നിയന്ത്രണങ്ങളുണ്ടായിരുന്നില്ല. എന്നാൽ നിരന്തര ആഘാതങ്ങളിൽ സംസ്ഥാനം വരുതിയിരുന്നു. തൊഴിൽ നഷ്ടം, പൂട്ടിക്കിടന്ന സ്ഥാപനങ്ങൾ എല്ലാം തിരിച്ചുപിടിക്കാനുള്ള തത്രപ്പാടിലായിരുന്നു നാടും നാട്ടാരും. ഓണാഘോഷം ഫുൾ പകിട്ടിലായില്ലെന്നർത്ഥം.

വയനാടിന്റെ കണ്ണീർ

2024ലെ പെരുമഴക്കാലം വീണ്ടും ചതിച്ചു. വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഇതുവരെ കാണാത്ത പ്രഹരശേഷിയോടെ ഉരുൾപൊട്ടി. അഞ്ഞൂറോളം ആളുകൾ നിമിഷനേരം കൊണ്ട് മറഞ്ഞു. ഒട്ടേറെപ്പേർ അനാഥരായി. ആയിരങ്ങൾ പെരുവഴിയിലായി. ഹൃദയഭേദകമായ കഥകളാണ് ദുരന്തഭൂമിയിൽ നിന്ന് കണ്ടതും കേട്ടതും. കണ്ണീരുണങ്ങും മുമ്പേ ഓണക്കാലമായി. ആഘോഷങ്ങൾ പരിമതപ്പെടുത്തി, വയനാടിനായി കൈകോർക്കാൻ ജനതയിൽ നല്ലൊരു ഭാഗവും ശ്രദ്ധിച്ചു. ഒരു വർഷം പിന്നിടുമ്പോൾ ദുരന്തബാധിതർ ജീവിതം തിരിച്ചുപിടിച്ചുകഴിഞ്ഞു. ഇവർക്കായി പാർപ്പിടങ്ങളും ടൗൺഷിപ്പും ഒരുങ്ങുകയാണ്.

2025 പൊതുവേ ശാന്തമാണ് ഇതുവരെ. റോഡിലെ കുണ്ടും കുഴിയും, ഗതാഗതക്കുരുക്ക്, വന്യജീവി ആക്രമണം തുടങ്ങി ചില പ്രശ്നങ്ങൾ ഇല്ലാതില്ല. എന്നാൽ ഇതെല്ലാം എളുപ്പത്തിൽ പരിഹരിക്കാവുന്നതേയുള്ളൂ. കഴിഞ്ഞ വാരാന്ത്യം മുതൽ കേരളം എല്ലാം മറന്നുള്ള ഓണത്തിമിർപ്പിലാണ്. ഞായറാഴ്ച വരെ ഈ ഓണം വൈബ് തുടരും. 'ഓണമുണ്ട വയർ ചൂളം പാടും' എന്നാണ് ചൊല്ല്. കറച്ചുദിവസം മലയാളികൾക്ക് മുണ്ടുമുറുക്കി നടക്കേണ്ടിവരും. എന്നാലും സാരമില്ല. ഏഴുവർഷത്തിനിടെ ഏറ്റവും ആമോദകരമായ ഓണക്കാലമാണല്ലോ ഇത്...