അവിട്ടംദിനത്തിൽ അയ്യങ്കാളി ജന്മദിനാഘോഷം

Friday 05 September 2025 12:00 AM IST

ചാലക്കുടി: കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 10 കേന്ദ്രങ്ങളിൽ നാളെ അയ്യങ്കാളി അവിട്ടദിനാഘോഷം നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. ചാലക്കുടി യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്തംബർ രണ്ടിന് ശാഖാകേന്ദ്രങ്ങളിലും ഭവനങ്ങളിലും പതാക ഉയർത്തി ജന്മദിനാഘോഷങ്ങൾക്ക് തുടക്കമിട്ടിരുന്നു. അവിട്ടംദിനത്തിൽ രാവിലെ പുഷ്പാർച്ചനയും മധുര പലഹാര വിതരണവും സംഘടിപ്പിക്കും. വൈകിട്ട് 3.30ന് ചാലക്കുടി നോർത്ത് ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും വിവിധ ശാഖകളിൽ നിന്നുള്ള 500ഓളം പ്രവർത്തകർ അണിനിരക്കുന്ന സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും. ഘോഷയാത്ര മിനർവ ജംഗ്ഷൻ തിരിഞ്ഞ് ഇൻഡോർ സ്റ്റേഡിയത്തിന് മുന്നിൽ തയ്യാറാക്കിയ അയ്യങ്കാളി നഗറിൽ സമാപിക്കും. തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനം സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചാലക്കുടി നഗരസഭാ ചെയർപേഴ്‌സൻ ഷിബു വാലപ്പൻ മുഖ്യാതിഥിയാകും. പരിസ്ഥിതി പ്രവർത്തകയും ആക്ടിവിസ്റ്റുമായ പ്രൊഫ. കുസുമം ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തും. കെ.പി.എം.എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.എൻ.സുരൻ സന്ദേശം നൽകും. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിക്കുമെന്ന് രക്ഷാധികാരി പി.എൻ.സുരൻ, ജനറൽ കൺവീനർ കെ.പി.സുബ്രൻ, ട്രഷറർ സുബിത സുനിൽ, കെ.വി.ഉണ്ണിക്കൃഷ്ണൻ, കെ.എസ്.രാജു എന്നിവർ അറിയിച്ചു.