രാജമൗലി ചിത്രത്തിന് 1200 കോടി
ഇന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന എസ്.എസ്. രാജമൗലി ചിത്രത്തിന്റെ ബഡ‌്‌ജറ്റ് 1200 കോടി. എസ്.എസ്. എം.ബി 29 എന്നു താത്‌കാലികമായി പേരിട്ട ചിത്രത്തിന്റെ ഒരു ഷെഡ്യൂൾ പൂർത്തിയായി. കെനിയയിൽ ആണ് ഷെഡ്യൂൾ പൂർത്തിയായത്. പ്രശസ്തമായ മസായ് മാര, നൈവാഷ തടാകം, സാംബുരു, കിളിമഞ്ചാരോ പർവതം, അംബോസെലി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഒഡിഷയിലും ഹൈദരാബാദിലും ചിത്രീകരണം ഉണ്ടായിരുന്നു.
120 രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യും. 2028ൽ ആയിരിക്കും ചിത്രത്തിന്റെ റിലീസ്. മഹേഷ്ബാബുവും പ്രിയങ്ക ചോപ്രയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ പൃഥ്വിരാജ് ആണ് പ്രതിനായകൻ. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം കാടുമായി ബന്ധപ്പെട്ട് ഉദ്വേഗജനകമായ കഥയായിരിക്കും പറയുക. ജനുവരിയിൽ അതീവ രഹസ്യമായി ചിത്രത്തിന്റെ മുഹൂർത്തപൂജ നടന്നിരുന്നു. ഏപ്രിലിൽ ആയിരുന്നു ചിത്രീകരണം ആരംഭിച്ചത്. രാജമൗലിയുടെ പിതാവും പ്രശസ്ത തിരക്കഥാകൃത്തുമായ വിജയേന്ദ്രപ്രസാദ് ആണ് രചന. എം.എം. കീരവാണി സംഗീത സംവിധാനം നിർവഹിക്കുന്നു. ആർ.ആർ.ആറിനുശേഷം എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ പ്രതീക്ഷകൾ വാനോളമാണ്.മലയാളത്തിൽനിന്ന് പൃഥ്വിരാജ് മാത്രമാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഭാഗമാകുന്നത്. ഇടവേളയ്ക്കുശേഷം ആണ് പ്രിയങ്ക ചോപ്ര ഒരു തെന്നിന്ത്യൻ ചിത്രത്തിൽ അഭിനയിക്കുന്നത്.