ദിക്കും ദിശയും നോക്കി പകിടയെറിയാം : കരുമത്രയിൽ ആവേശം വാനോളം
തൃശൂർ: 64 കളങ്ങൾക്ക് മുൻപിൽ രണ്ടുപേർ നിശബ്ദം ഇരുന്നുള്ള ചതുരംഗക്കളിയല്ല, 96 കളങ്ങളിൽ ആർപ്പുവിളിയും ആരവവും തന്ത്രങ്ങളും മന്ത്രങ്ങളുമായി സംഘം ചേർന്നുള്ള പോരാട്ടം, പകിടകളി..! വെട്ടും തടയുമായി ഈ പൊന്നോണക്കാലം മുതൽ കരുമത്ര പകിടകളി സംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള പകിടകളി തുടങ്ങി. തൃശൂരിലെ കരുമത്രയിൽ കഴിഞ്ഞ മാസം 16നായിരുന്നു തുടങ്ങിയത്. കരുമത്ര പാറപ്പുറം പഞ്ചായത്ത് മൈതാനത്ത് എല്ലാ ശനിയാഴ്ചയും നടക്കുന്ന പകിടകളി ടൂർണമെന്റിൽ ഇത്തവണ 64 ടീമുകൾ പങ്കെടുക്കുന്നു.
ഓരോ ടീമിലും പത്ത് പേർ
സമയവും നേരവുമില്ലാതെ എല്ലാ ശനിയാഴ്ചയും രാവിലെ മുതൽ തുടങ്ങുന്ന പകിടകളി എന്ന് തീരുമെന്നതിൽ കൃത്യതയില്ല. അതിനാൽ ഓരോ ടീമിലും തന്ത്രം മെനയാൻ പത്ത് പേരുണ്ടാകും. ടോസിട്ട് കളി തുടങ്ങിയാൽ പിന്നെ ആവേശം വാനോളമാകും. ഒരു കളത്തിൽ 24 കളങ്ങൾ എന്ന വിധം നാല് കൊമ്പുകളിലായി 96 കളങ്ങൾ. ചൂതിനുള്ള കളം കൂടി കൂട്ടിയാൽ കളം 97 ആകും. ടോസ് കിട്ടുന്ന ടീം ഓടനും പാർട്ടിയും എന്ന പേരിലും രണ്ടാമത്തെ ടീം കണ്ണൻ അഥവാ പൊലീസ് എന്നും അറിയപ്പെടും. എട്ട് ചൂതുകളാണ് ഓരോ ടീമിനുമുണ്ടാകുക. ദിക്കും ദിശയും നോക്കി പകിട കറക്കി വട്ടമെത്തി കെട്ടിയിളകി 15 പോയിന്റ് നേടി 'പഴം' എത്തിയാൽ വിജയം.
കളി കഴിയാൻ നാലരമാസം
ആഗസ്റ്റ് 16ന് തുടങ്ങിയെങ്കിലും ഇതുവരെ 16 ടീമുകളുടെ കളി മാത്രമാണ് കഴിഞ്ഞത്. ഓണക്കാലത്ത് തുടങ്ങിയ പകിട പൂർത്തിയാക്കാൻ നാലരമാസമെങ്കിലും വേണം. ആദ്യ റൗണ്ട് പൂർത്തിയാക്കാൻ രണ്ട് മാസമെടുക്കും. ആറ് റൗണ്ടുകൾക്ക് ശേഷം ഡിസംബറിലാകും ഫൈനൽ മത്സരം. ജേതാക്കൾക്ക് 50,000 രൂപയും ട്രോഫിയുമാണ് സമ്മാനം. രണ്ടാം സ്ഥാനക്കാർക്ക് 40,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 15,000 രൂപയും നാലാം സ്ഥാനക്കാർക്ക് 10,000 രൂപയും സമ്മാനമായി ലഭിക്കും. നാല് വരെയുള്ള സ്ഥാനക്കാർക്ക് ട്രോഫിയുമുണ്ടാകും.
മഹാഭാരതത്തിൽ ഉൾപ്പെടെ പരാമർശിക്കുന്ന കളിയാണ് പകിട. 17 വർഷമായി കരുമത്രയിൽ ടൂർണമെന്റ് നടക്കുന്നു. തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളതാണ് ടീമുകൾ. തലമുറകൾ കൈമാറി വന്ന നാടൻ വിനോദം ഇപ്പോഴും ആവേശത്തോടെ നടക്കുന്നുവെന്നത് ആവേശകരമാണ്.
ഗണേശൻ കരുമത്ര പകിടകളി സംഘം.