പൊലീസ് സ്റ്റേഷനുകളിൽ സി.സി ടിവി ഇല്ല; സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി
Friday 05 September 2025 3:30 AM IST
ന്യൂഡൽഹി: പൊലീസ് സ്റ്റേഷനുകളിൽ സി.സി ടിവി ക്യാമറകൾ സ്ഥാപിക്കാത്തതിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. പ്രവർത്തനക്ഷമമായ സി.സി ടിവി ക്യാമറകൾ പല സ്റ്രേഷനുകളില്ലാത്തതും അടുത്തിടെയായി കസ്റ്റഡി മരണങ്ങൾ വർദ്ധിക്കുന്നതും കോടതി പരിഗണിച്ചു.
ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്‌കർ പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ വിക്രംനാഥ്,സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. രാജ്യത്തെ വിവിധ സ്റ്രേഷനുകളിൽ 8 മാസത്തിനിടെ 11 കസ്റ്റഡി മരണങ്ങളുണ്ടായെന്ന് റിപ്പോർട്ടിലുണ്ട്.
എല്ലാ പൊലീസ് സ്റ്റേഷനുകളിലും കേന്ദ്ര ഏജൻസികളുടെ ഓഫീസുകളിലും സി.സി ടിവി സ്ഥാപിക്കണമെന്ന് 2020ൽ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടിരുന്നു. നൈറ്റ് വിഷൻ,ഓഡിയോ സൗകര്യങ്ങളുണ്ടാകണമെന്നുമായിരുന്നു നിർദ്ദേശം.