അരൂരിൽ എൽ.ഡി.എഫിന് ബി.ഡി.ജെ.എസ് പിന്തുണ? സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന് തുഷാർ
ആലപ്പുഴ: അരൂരിൽ നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന് വ്യക്തമാക്കി തുഷാർ വെള്ളാപ്പള്ളി. ബി.ജെ.പി നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തതിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം എടുത്തതെന്നും തുഷാർ വെള്ളാപ്പളി പറഞ്ഞു. സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമ്പോൾ നൽകേണ്ട പരിഗണന ഘടകകക്ഷി എന്ന നിലയിൽ ബി.ഡി.ജെ.എസിന് ലഭിച്ചില്ലെന്നും കഴിഞ്ഞ തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചത് പോലെ ഇത്തവണയും മത്സരിക്കണമെന്ന് തങ്ങൾക്കില്ലെന്നും തുഷാർ കൂട്ടിച്ചേർത്തു. ബി.ഡി.ജെ.എസ് നേതൃയോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തിൽ അഭിപ്രായം ഇരുമ്പുലക്കയല്ല. എൻ.ഡി.എയുടെ ഭാഗമായി നിൽക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ അവരിൽ നിന്നും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. ഉറപ്പുകൾ തന്നത് കൊണ്ടുമാത്രം കാര്യമില്ല. രാഷ്ട്രീയത്തിൽ മിത്രമോ ശത്രുവോ ഇല്ല. സംസ്ഥാനത്ത് എൻ.ഡി.എ സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ല. അതെല്ലാം പരിഹരിച്ച ശേഷം മാത്രം പ്രവർത്തനങ്ങളിലേക്ക് പോയാൽ മതി. അതാണ് പാർട്ടി നേതൃയോഗത്തിന്റെ തീരുമാനം. യാതൊരു ഓഫറും ലഭിച്ചത് കാരണമല്ല, അന്നത്തെ ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുടെ നിർദ്ദേശപ്രകാരമാണ് താൻ വയനാട്ടിൽ ലോക്സഭാ സ്ഥാനാർത്ഥിയായതെന്നും തുഷാർ വ്യക്തമാക്കി.