ജോർജിയോ അർമാനി ഓർമ്മയായി
റോം: ലോക പ്രശസ്ത ഇറ്റാലിയൻ ആഡംബര ഫാഷൻ ബ്രാൻഡായ 'അർമാനി"യുടെ സ്ഥാപകനും ശതകോടീശ്വരനുമായ ജോർജിയോ അർമാനി (91) അന്തരിച്ചു. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ഇന്നലെ മിലാനിലെ വസതിയിലായിരുന്നു അന്ത്യം.
1975ലാണ് മിലാൻ ആസ്ഥാനമാക്കി ജോർജിയോ തന്റെ കമ്പനിയായ അർമാനി സ്ഥാപിച്ചത്. ഇതു പിന്നീട് സംഗീതം, സ്പോർട്സ്, ആഡംബര ഹോട്ടൽ തുടങ്ങിയ വിവിധ മേഖലകളിലേക്ക് പടർന്നുകയറി. റെഡ് കാർപ്പറ്റ് ഫാഷനിലെ അതികായനായി മാറിയ ജോർജിയോ, ഇറ്റലിയിലെ ഏറ്റവും പ്രശസ്തരായ ഡിസൈനർമാരിൽ ഒരാളാണ്.
ശാരീരിക അവശതകൾ മൂലം ജൂണിൽ മിലാൻ മെൻസ് ഫാഷൻ വീക്കിൽ അർമാനി ഗ്രൂപ്പിന്റെ ഷോ കാണാൻ ജോർജിയോ എത്തിയിരുന്നില്ല. തന്റെ കരിയറിൽ ആദ്യമായാണ് അർമാനിയുടെ ക്യാറ്റ് വാക്ക് ഈവന്റിൽ നിന്ന് ജോർജിയോ വിട്ടുനിന്നത്.
തന്റെ സാമ്രാജ്യത്തിന്റെ മൂല്യം ഏകദേശം 870 കോടി യൂറോയിലേറെ എത്തിനിൽക്കുമ്പോഴാണ് ജോർജിയോയുടെ വിയോഗം. അവിവാഹിതനാണ്. ഇറ്റലിയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഫാഷൻ ഗ്രൂപ്പാണ് അർമാനി. ഗൂചി, പ്രാഡ എന്നിവയാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.