മോദിക്കൊപ്പമുള്ള കാർ യാത്ര --- രഹസ്യ ചർച്ചയുണ്ടായില്ല: പുട്ടിൻ

Friday 05 September 2025 7:14 AM IST

മോസ്‌കോ: ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയ്ക്ക് (എസ്.സി.ഒ)​ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം നടത്തിയ കാർ യാത്രയ്ക്കിടെ രഹസ്യ ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ആഗസ്റ്റിൽ താൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി അലാസ്‌കയിൽ വച്ചു നടത്തിയ കൂടിക്കാഴ്ചയെ പറ്റിയാണ് മോദിയോട് സംസാരിച്ചതെന്ന് പുട്ടിൻ പറഞ്ഞു.

എസ്.സി.ഒ വേദിയിൽ നിന്ന് റിസ് കാൾട്ടൺ ഹോട്ടലിലേക്കുള്ള യാത്രയിലാണ് മോദിയെ പുട്ടിൻ തന്റെ ഔദ്യോഗിക വാഹനത്തിൽ ഒപ്പം കൂട്ടിയത്. റിസ് കാൾട്ടണിൽ ഇരുവരും തമ്മിൽ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. അമ്പതു മിനിട്ടോളമാണ് ഇരുവരും കാറിലിരുന്ന് ചർച്ച നടത്തിയത്. ശേഷം ഹോട്ടലിൽ നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത ചർച്ച നടന്നു.

ഇതിനിടെ, കൊളോണിയൽ യുഗം അവസാനിച്ചെന്നും ആഗോള രാഷ്ട്രീയത്തിലും സുരക്ഷയിലും ഏതെങ്കിലുമൊരു രാജ്യം ആധിപത്യം സ്ഥാപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പുട്ടിൻ വ്യക്തമാക്കി. ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരെ ട്രംപ് തീരുവ ഭീഷണികൾ തുടരുന്നതിനിടെയാണ് പരാമർശം.