ഭീകരവിരുദ്ധ പോരാട്ടത്തിന് പിന്തുണ: സിംഗപ്പൂരിന് നന്ദി പറഞ്ഞ് മോദി അഞ്ച് കരാറുകളിൽ ഒപ്പിട്ടു
ന്യൂഡൽഹി: ഇന്ത്യയുടെ ഭീകരവിരുദ്ധ പോരാട്ടങ്ങൾക്ക് നൽകുന്ന പിന്തുണയ്‌ക്ക് സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയുമായി ബന്ധപ്പെട്ട് ഇന്ത്യയും സിംഗപ്പൂരും ഒരേ ആശങ്കകളാണ് പങ്കു വയ്‌ക്കുന്നതെന്ന് ലോറൻസ് വോങ്ങിനൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ മോദി പറഞ്ഞു. ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പോരാടുക എന്നത് മാനവികതയ്ക്ക് പ്രധാന്യം കൊടുക്കുന്ന രാജ്യങ്ങളുടെ ഉത്തരവാദിത്വമാണ്. ഇന്ത്യ-സിംഗപ്പൂർ നയതന്ത്രബന്ധം 60 വർഷം പൂർത്തിയാക്കുന്നതിനിടെയാണ് സിംഗപ്പൂർ പ്രധാനമന്ത്രി ഡൽഹിയിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിൽ ഇന്നലെ അഞ്ച് സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു. ഗ്രീൻ ആൻഡ് ഡിജിറ്റൽ ഷിപ്പിംഗ് കോറിഡോർ, ബഹിരാകാശ മേഖല, സിവിൽ ഏവിയേഷൻ, ഡിജിറ്റൽ അസറ്റ് ഇന്നൊവേഷൻ തുടങ്ങിയവയിൽ സഹകരണം ഉറപ്പിക്കുന്നതാണ് കരാറുകൾ. നൈപുണ്യ വികസനം, ഡിജിറ്രൈസേഷൻ, കണക്‌ടിവിറ്റി, ആരോഗ്യം, പ്രതിരോധം തുടങ്ങി എട്ടു മേഖലകളിൽ തന്ത്രപരമായ സഹകരണം ശക്തമാക്കും.
സിംഗപ്പൂർ വിലപ്പെട്ട പങ്കാളി
വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള യാത്രയിൽ സിംഗപ്പൂർ വിലപ്പെട്ട പങ്കാളിയാണെന്ന് കൂടിക്കാഴ്ചയ്‌ക്കു ശേഷം എക്‌സിൽ പങ്കു വച്ച പോസ്റ്റിൽ മോദി പറഞ്ഞു. ഉത്പാദനം, ഡിജിറ്റലൈസേഷൻ, ആരോഗ്യപരിപാലനം തുടങ്ങി വിവിധ മേഖലകളിലെ സമഗ്ര പങ്കാളിത്തത്തിനായുള്ള മാർഗരേഖ വേഗത്തിൽ നടപ്പാക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ലോറൻസ് വോങ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും ചർച്ച നടത്തി. ഇന്ത്യ-സിംഗപ്പൂർ ബന്ധം ശക്തിപ്പെടുത്തുന്നതിൽ ലോറൻസ് വോങ് പുലർത്തുന്ന താത്പര്യത്തെ ജയശങ്കർ അഭിനന്ദിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയുമായും വോങ് കൂടിക്കാഴ്ച നടത്തിയിരുന്നു. ചൊവ്വാഴ്ചയാണ് വോങ് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ലോറൻസ് വോങ് ഇന്ത്യയിലെത്തിയത്.