എബോള: കോംഗോയിൽ 15 മരണം
കിൻഷസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് കോംഗോയിൽ (ഡി.ആർ കോംഗോ) വീണ്ടും എബോള വ്യാപനം. 15 പേർ രോഗം ബാധിച്ച് മരിച്ചെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കടുത്ത പനിയും ഛർദ്ദിയും അടക്കം ലക്ഷണങ്ങളോടെ 34കാരിയായ ഗർഭിണിയെ കഴിഞ്ഞ മാസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
അവയവങ്ങളുടെ പ്രവർത്തനം തകരാറിലായതോടെ ഇവർ ഏതാനും മണിക്കൂറുകൾക്കുള്ളിൽ മരിച്ചു. തുടർന്ന് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് രോഗ വ്യാപനം കണ്ടെത്തിയത്. നിലവിൽ മദ്ധ്യ കാസായി പ്രവിശ്യയിലാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്. 28 പേർക്ക് രോഗം സംശയിക്കുന്നു. സാമൂഹ്യ അകലം അടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സർക്കാർ ജനങ്ങൾക്ക് നിർദ്ദേശം നൽകി.
കോംഗോയിൽ ഇത് 16 -ാം തവണയാണ് എബോള വ്യാപനം റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് വർഷം മുന്നേയാണ് കോംഗോയിൽ അവസാനമായി എബോള വ്യാപനമുണ്ടായത്. അന്ന് 6 പേർ മരിച്ചു. 2018-20 കാലയളവിലുണ്ടായ വ്യാപനം 2,000ത്തിലേറെ പേരുടെ ജീവൻ കവർന്നിരുന്നു. പഴംതീനി വവ്വാലുകളാണ് എബോള വൈറസിന്റെ ഉത്ഭവ കേന്ദ്രങ്ങൾ.
1976ൽ കോംഗോയിലെ എബോള നദിയ്ക്ക് സമീപമാണ് വൈറസിനെ ആദ്യമായി കണ്ടെത്തിയത്.
2014ൽ പടിഞ്ഞാറൻ ആഫ്രിക്കയിൽ എബോള വൈറസ് പടർന്നു പിടിച്ചപ്പോൾ 28,000ത്തിലേറെ കേസുകൾ സ്ഥിരീകരിച്ചതിൽ 11,000 പേർ മരണത്തിന് കീഴടങ്ങി. 2016ലാണ് ഈ വ്യാപനം അവസാനിച്ചത്. ആഫ്രിക്കൻ ഭൂഖണ്ഡം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ എബോള രോഗ കാലയളവായിരുന്നു അത്.
മരണനിരക്ക് കൂടുതൽ
മരണനിരക്ക് വളരെയേറെ കൂടിയ വൈറസാണ് എബോള. എബോളയ്‌ക്കെതിരെയുള്ള വാക്സിനുകളും ചികിത്സയും വികസിപ്പിച്ചെടുത്തതാണ് ആകെയുള്ള ആശ്വാസം. എങ്കിലും അടിസ്ഥാന സൗകര്യക്കുറവും ദാരിദ്ര്യവുമൊക്കെ നേരിടുന്ന മിക്ക ആഫ്രിക്കൻ രാജ്യങ്ങൾക്കും എബോളയെ വരുതിയിലാക്കുക കടുത്ത വെല്ലുവിളിയാണ്.