ഫ്രഞ്ച് ആണവ പ്ലാന്റിൽ നുഴഞ്ഞുകയറി ജെല്ലിഫിഷ് !

Friday 05 September 2025 7:14 AM IST

പാരീസ്: ഫ്രാൻസിലെ പാലുവൽ ആണവ പ്ലാന്റിന് 'പണി കൊടുത്ത്" ജെല്ലിഫിഷ് കൂട്ടം. പ്ലാന്റിന്റെ പമ്പിംഗ് സ്റ്റേഷന്റെ ഫിൽട്ടറുകളിൽ ജെല്ലിഫിഷുകൾ കയറിയതോടെ പ്ലാന്റിലെ പ്രവർത്തനങ്ങൾ തടസപ്പെടുകയായിരുന്നു. നോർമാൻഡി മേഖലയിൽ സ്ഥിതി ചെയ്യുന്ന പ്ലാന്റിന്റെ ഉത്പാദനത്തിൽ 2.4 ജിഗാവാട്ടിന്റെ കുറവ് ഇതുമൂലം ഉണ്ടായി. പ്ലാന്റിന്റെ പ്രവർത്തനം പഴയ സ്ഥിതിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് ജീവനക്കാർ.

ഫ്രാൻസിലെ ഏറ്റവും വലിയ ആണവോർജ്ജ പ്ലാന്റുകളിൽ ഒന്നാണ് പാലുവൽ. വടക്കൻ കടലുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു കനാലിൽ നിന്നാണ് പ്ലാന്റിലേക്കുള്ള ശീതീകരണ ജലം എത്തിക്കുന്നത്. വിവിധ ഇനം സ്പീഷീസിലെ ജെല്ലിഫിഷുകളുടെ ആവാസ കേന്ദ്രമാണ് വടക്കൻ കടൽ. ഇവയെ അകറ്റി നിറുത്താനുള്ള സംവിധാനങ്ങളുണ്ടെങ്കിലും സവിശേഷമായ ശരീര ഘടന മൂലം ശീതീകരണ ശൃംഖലകളിലേക്ക് ഇക്കൂട്ടർ 'നുഴഞ്ഞു കയറുക"യാണെന്ന് അധികൃതർ പറയുന്നു.

ഇൻടേക്ക് പൈപ്പുകളും ഫിൽട്ടറുകളും ജെല്ലിഫിഷുകൾ കയറി അടഞ്ഞുപോവുകയും ശീതീകരണ ജലത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുകയും ചെയ്യുന്നു. റിയാക്ടറുകളെ തണുപ്പിക്കാൻ ആണവ പ്ലാന്റുകളിൽ ശീതീകരണ ജലം അനിവാര്യ ഘടകമാണ്. ശീതീകരണ ജലം ലഭിച്ചില്ലെങ്കിൽ റിയാക്ടറുകൾ അമിതമായി ചൂടാകും. ഇത് തടയാനാണ് പ്രവർത്തനം താത്കാലികമായി നിറുത്തിവയ്ക്കുന്നത്.

ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഫ്രഞ്ച് ആണവ പ്ലാന്റിൽ ജെല്ലിഫിഷ് തലവേദന സൃഷ്ടിക്കുന്നത്. നേരത്തെ ഗ്രാവ്‌ലാൻ ആണവ പ്ലാന്റിന്റെ ഫിൽട്ടറുകളിൽ ജെല്ലിഫിഷ് കൂട്ടം കയറിയതോടെ പ്രവർത്തനം താത്കാലികമായി നിറുത്തിവച്ചിരുന്നു.