'ഇന്ത്യയേയും റഷ്യയേയും നമുക്ക് നഷ്ടമായെന്ന് തോന്നുന്നു'; ചൈനയുമായി അടുത്തതില്‍ പരിഹാസവുമായി ട്രംപ്
വാഷിംഗ്ടണ്‍ ഡി.സി: തീരുവ വിഷയത്തില്‍ അമേരിക്കയുമായി അകന്ന ഇന്ത്യയേയും റഷ്യയേയും പരിഹസിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് ട്രംപിന്റെ പരിഹാസം. ഇരുണ്ട, നിഗൂഢമായ ചൈനയുടെ ഒപ്പമെത്തിയിരിക്കുകയാണ്, അവരെ നമുക്ക് നഷ്ടമായെന്ന് തോന്നുന്നു. അവര്‍ക്ക് ദീര്‍ഘവും സമൃദ്ധവുമായ ഭാവിയുണ്ടാകട്ടെ- ട്രംപ് കുറിച്ചു. മോദി, ഷി ജിന്‍പിംഗ്, പുടിന്‍ എന്നിവര്‍ ഒരുമിച്ചുള്ള ചിത്രത്തോടൊപ്പമായിരുന്നു കുറിപ്പ്.
ഇന്ത്യയും ചൈനയും റഷ്യയും ചേര്‍ന്നുള്ള പുതിയ സഖ്യം രൂപപ്പെട്ടതിനെത്തുടര്‍ന്നാണ് ട്രംപിന്റെ പരിഹാസ കുറിപ്പ്. ഷാംഗ്ഹായ് കോര്‍പ്പറേഷന്‍ ഉച്ചകോടിയിലാണ് നരേന്ദ്ര മോദി, ഷി ജിന്‍പിംഗ്, വ്‌ളാഡിമിര്‍ പുടിന്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കുമേല്‍ ട്രംപ് ഭീമമായ തീരുവ ചുമത്തിയതോടെയാണ് അമേരിക്കയില്‍നിന്ന് പല രാജ്യങ്ങളും അകലുന്ന സാഹചര്യമുണ്ടായത്. ഇന്ത്യയും ചൈനയും റഷ്യയും കൂടുതല്‍ അടുക്കാനും ഇത് കാരണമായി.
ലോകത്തെ പ്രബലമായ മൂന്നു രാജ്യങ്ങള്‍ ചേരുന്നതോടെ പുതിയൊരു ലോകക്രമം രൂപപ്പെടാന്‍ വഴിയൊരുങ്ങുകയാണെന്ന വിലയിരുത്തലുകളും ഉണ്ടായിരുന്നു. അതേസമയം, ഇന്ത്യക്ക് മേല്‍ അമിത തീരുവ ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിക്കെതിരെ അമേരിക്കയില്‍ നിന്ന് പോലും വിമര്‍ശനമുയര്‍ന്നിരുന്നു. ലോകത്തിലെ മറ്റ് ചെറിയ രാജ്യങ്ങളോട് സ്വീകരിക്കുന്ന നടപടി ഇന്ത്യയോട് സ്വീകരിച്ചാല്‍ വിലപ്പോവില്ലെന്നും അത് അമേരിക്കയ്ക്ക് തിരിച്ചടിയാകുമെന്നും സാമ്പത്തിത വിദഗ്ദ്ധര്‍ ഉള്‍പ്പെടെ ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇന്ത്യയെ പിണക്കുന്നത് ബ്രിക്‌സ് കൂട്ടായ്മ ശക്തിപ്പെടാനുള്ള വഴിയൊരുക്കുമെന്ന മുന്നറിയിപ്പും ട്രംപിന് ലഭിച്ചിരുന്നു. ഒരു രാജ്യമെന്ന നിലയില്‍ തങ്ങളുടെ വ്യാപാര ബന്ധം ഏത് രാജ്യങ്ങളുമായി വേണമെന്നത് ഇന്ത്യയുടെ പരമാധികാരത്തില്‍ വരുന്ന കാര്യമാണെന്നാണ് വിഷയത്തില്‍ ഇന്ത്യ നേരത്തെ പ്രതികരിച്ചത്. റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്ന ആവശ്യം ഇന്ത്യ നിരാകരിച്ചതോടെയാണ് ട്രംപ് ഇന്ത്യയുമായി ഇടയുന്നത്.