പൂക്കടയിലെ തര്‍ക്കത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു; പ്രതി 'കട്ടപ്പ'യെ പൊക്കി പൊലീസ്

Friday 05 September 2025 7:03 PM IST

തിരുവനന്തപുരം: തിരുവോണ ദിനത്തില്‍ പൂക്കടയിലുണ്ടായ തര്‍ക്കത്തില്‍ തമിഴ്‌നാട് സ്വദേശിയെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. തിരുവനന്തപുരം നെടുമങ്ങാട് കച്ചേരി ജംഗ്ഷനിലെ സ്‌നേഹ ഫളവര്‍ മാര്‍ട്ട് എന്ന പൂക്കടയിലാണ് സംഭവം. തമിഴ്‌നാട് തെങ്കാശി സ്വദേശി അനീസ് കുമാറിന് (36) ആണ് കുത്തേറ്റത്. സംഭവത്തില്‍ കടയിലെ ജീവനക്കാരനായ കട്ടപ്പ എന്ന് അറിയപ്പെടുന്ന കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവോണ ദിവസം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. ഒളിവില്‍ പോയ പ്രതിയെ വൈകുന്നേരത്തോടെ പിടികൂടുകയായിരുന്നു.

കടയുടമയായ രാജന് പൂ നല്‍കിയതുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക തര്‍ക്കമാണ് ആക്രമത്തിലേക്ക് നയിച്ചതെന്നാണ് പറയപ്പെടുന്നുവെങ്കിലും ഇതിന് സ്ഥിരീകരണമില്ല. ഉച്ചയോടെ കടയിലെത്തിയ അനീസ് കുമാര്‍ താന്‍ വിതരണം ചെയ്ത പൂവിന്റെ പണം ആവശ്യപ്പെടുകയും ഇതേത്തുടര്‍ന്ന് തര്‍ക്കമുണ്ടാകുകയും ചെയ്തു. ഈ സമയം കടയിലുണ്ടായിരുന്ന ജീവനക്കാരനായ കുമാര്‍ പൂവ് മുറിക്കാന്‍ ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ച് അനീസിനെ ആക്രമിക്കുകയായിരുന്നു.

അനീസിന്റെ നെഞ്ചിലാണ് കുമാര്‍ കത്രിക കൊണ്ട് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ അനീസ് കുമാറിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിന് പിന്നാലെ കടയുടമയായ രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒളിവില്‍പോയ കട്ടപ്പ കുമാറിനെ പിന്നീട് നെടുമങ്ങാട് മാര്‍ക്കറ്റ് പരിസരത്തുനിന്നാണ് പിടികൂടിയത്.