മുൻവൈരാഗ്യമെന്ന് സംശയം; കൊട്ടാരക്കരയിൽ യുവാവിനെ കുത്തിക്കൊന്നു
Saturday 06 September 2025 9:40 AM IST
കൊല്ലം: കൊട്ടാരക്കര പുത്തൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കുഴക്കാട് സ്വദേശി ശ്യാം സുന്ദറാണ് കൊല്ലപ്പെട്ടത്. പ്രതി ധനേഷിനെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി 12 മണിയോടുകൂടിയായിരുന്നു സംഭവം. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ട് ശ്യാം സുന്ദറും ധനേഷും തമ്മിൽ തർക്കത്തിലേർപ്പെട്ടിരുന്നു. അയൽവാസികൾ ഇടപെട്ടാണ് ഈ പ്രശ്നം പരിഹരിച്ചത്.
എന്നാൽ രാത്രിയോടെ പ്രശ്നങ്ങൾ രൂക്ഷമാകുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. ശ്യാം സുന്ദറിന്റെ കഴുത്തിലാണ് കുത്തേറ്റത്. ഇരുവരുടെയും വീടുകള്‍ അടുത്തടുത്താണ്. ശ്യാം സുന്ദറിന്റെ വീടിനുള്ളിൽ വച്ചാണ് കുത്തേറ്റത്. സംഭവസ്ഥലത്തുവച്ചുത്തന്നെ യുവാവ് മരിച്ചു.