ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകിയില്ല, പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരിക്കുനേരെ മുട്ടയേറ്
ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരിക്കുനേരെ മുട്ടയെറിഞ്ഞ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. റാവൽപിണ്ടിയിലെ അഡിയാല ജയിലിനു പുറത്തുവച്ചാണ് ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാനൂമിന് നേരെ ആക്രമണമുണ്ടായത്. ഇമ്രാൻ ഖാനൊപ്പം ഇവർ പ്രതിയായ തോഷഖാന കേസുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടയിലായിരുന്നു സംഭവം.
പുറത്തുവന്ന വീഡിയോയിൽ അലീമ മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നത് കാണാം. അധികം വൈകാതെ തന്നെ ആരോ അലീമയുടെ മുഖത്തേക്ക് മുട്ടയെറിയുകയും അത് വസ്ത്രത്തിലേക്ക് വീഴുന്നുണ്ട്. ആരാണ് ഇത് ചെയ്തതെന്ന് വീഡിയോയിൽ ആരൊക്കെയോ ഉറക്കെ ചോദിക്കുന്നതും കേൾക്കാം. സംഭവത്തിൽ രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അവർ പാകിസ്ഥാൻ തെഹ്‌രീക്- ഇ- ഇൻസാഫ് സംഘടനയിലെ അനുയായികളാണെന്നും മാദ്ധ്യമ പ്രവർത്തകരുടെ ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാത്തതുകൊണ്ടാണ് അലീമയ്ക്കുനേരെ മുട്ടയെറിഞ്ഞതെന്നും പൊലീസ് പറഞ്ഞു.
തോഷഖാന അല്ലെങ്കിൽ ട്രഷറി ഹൗസ് എന്നറിയപ്പെടുന്ന സർക്കാർ ഉടമസ്ഥതയിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾ നിയമവിരുദ്ധമായി വാങ്ങി വിറ്റെന്നതാണ് അലീമയ്‌ക്കെതിരെയുളള കുറ്റം. പ്രധാനമന്ത്രി, പ്രസിഡന്റുമാർ, മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, മറ്റ് സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്ക് ലഭിക്കുന്ന സമ്മാനങ്ങൾ തോഷഖാനയിലാണ് സൂക്ഷിക്കുന്നത്. 140 മില്യൺ (500,00 ഡോളർ) വിലമതിക്കുന്ന വസ്തുക്കൾ വിറ്റതിന് അലീമയെ 2023 ഓഗസ്റ്റിൽ മൂന്ന് വർഷത്തേക്ക് തടവിന് ശിക്ഷിച്ചിരുന്നു.