'ഞാൻ വിളിച്ചാൽ ഡബ്ല്യുസിസി അംഗങ്ങൾ അമ്മയിലേക്ക് വരും', മത്സരിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ഉർവശി
ചെന്നൈ: ദേശീയ അവാർഡ് പ്രഖ്യാപനത്തിലെ മാനദണ്ഡം ചോദ്യം ചെയ്‌ത് നടി ഉർവശി നടത്തിയ പ്രതികരണങ്ങൾ ഇതിനകം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ഭാരവാഹി തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിന്റെ കാരണങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് നടി ഉർവശി.
അംഗങ്ങൾക്കെതിരെയെടുക്കുന്ന തീരുമാനങ്ങളിൽ സംഘടന ഫലപ്രദമായി ശബ്ദമുയർത്തുകയും പ്രതിഷേധിക്കുകയും ചെയ്യുമെന്ന് താൻ വിശ്വസിച്ചിരുന്നില്ലെന്ന് ഉർവശി പറഞ്ഞു. സംഘടനയിൽ വിശ്വാസമുണ്ടെങ്കിൽ മത്സരിക്കാതിരിക്കാനുള്ള തന്റെ തീരുമാനം മാറുമെന്നും താരം അറിയിച്ചു.
അമ്മയുടെ തലപ്പത്ത് ഇരുന്ന് താന്‍ വിളിച്ചിരുന്നെങ്കിൽ ഡബ്ല്യുസിസി അംഗങ്ങള്‍ സംഘടനയിലേക്ക് വരുമെന്നും ആ കുടുംബത്തിലുണ്ടാകുമായിരുന്നുവെന്നും ഉര്‍വശി വ്യക്തമാക്കി.ഒരു പ്രമുഖ ന്യൂസ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിൽ താരം സംസാരിക്കുകയായിരുന്നു.
'ഏത് സംഘടനയായാലും ചില പ്രതിഷേധങ്ങൾ ഒരാളുടെ മാത്രം ശബ്ദമായി വളരെക്കാലം നിലനിൽക്കും. പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമ്പോൾ, അവയുടെ മൂല്യം വലുതാണ്. അതിനുള്ള സമയമാണിതെന്ന് ഞാൻ കരുതുന്നില്ല. അതുകൊണ്ടാണ് മത്സരിക്കാതിരുന്നത്.
നമുക്കെതിരെയുള്ള ഏതൊരു നിലപാടിനെതിരെയും ശബ്ദമുയർത്താനും പ്രതിഷേധിക്കാനും ആത്മവിശ്വാസമില്ലാത്തതിനാലാണ് മത്സരിക്കാത്തത്. ആ ആത്മവിശ്വാസം വരുമ്പോൾ ഞാൻ മത്സരിക്കും. ഞാൻ അതിന്റെ തലപ്പത്ത് ഇരുന്ന് വിളിച്ചാൽ ഡബ്ല്യസിസി അംഗങ്ങൾ അമ്മയിലേക്ക് വരും. അവർ ആ കുടുംബത്തിലുണ്ടാകും.' - ഉർവശി കൂട്ടിച്ചേർത്തു.