'മമ്മൂട്ടിക്ക് ആ വേഷം അഭിനയിക്കാമെങ്കിൽ എനിക്കും ചെയ്യാം, ഞാൻ ബിജെപിയിലേക്ക് പോകുമെന്നാണ് അവരുടെ സംശയം'

Saturday 06 September 2025 12:18 PM IST

അഭിനയത്തെക്കുറിച്ച് ഇനിയും ഒരുപാട് സ്വപ്നങ്ങളുണ്ടെന്ന് നടി ശോഭന. സിനിമയിൽ സാങ്കേതികപരമായി ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരിക്കുകയാണെന്നും താരം പറഞ്ഞു. അഭിനയം ഉപേക്ഷിച്ച് നൃത്തത്തിലേക്ക് ഒതുങ്ങി നിൽക്കുന്നുവെന്ന് പലരും പറയാറുണ്ടെന്നും ശോഭന പറഞ്ഞു. തിരഞ്ഞെടുത്ത സിനിമകൾ മാത്രമേ താൻ ചെയ്യുകയുളളൂവെന്ന് ചിലർ പറയുന്നത് തെറ്റാണെന്നും താരം പറഞ്ഞു. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ശോഭന ഇക്കാര്യങ്ങൾ പങ്കുവച്ചത്,

'സിനിമയിൽ സാങ്കേതികപരമായി ഒരുപാട് മാ​റ്റങ്ങൾ സംഭവിച്ചു കഴിഞ്ഞു. ഞാൻ ചെയ്ത എല്ലാ സിനിമകളും മനോഹരമായിരുന്നു. മമ്മൂക്ക കാതൽ ദി കോർ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് എന്താണ് കുഴപ്പം. അദ്ദേഹം മനോഹരമായി ആ വേഷം ചെയ്തു. ഒരു ട്രാൻസ്‌ജെൻഡറിന്റെ വേഷം ചെയ്താൽ കൊളളാമെന്നുണ്ട്. ഇക്കാര്യം ഞാൻ കുറച്ച് തിരക്കഥാകൃത്തുക്കളോട് ചോദിച്ചു. ആരും അംഗീകരിക്കില്ലെന്നാണ് അവർ പറഞ്ഞത്. മമ്മൂക്ക ചെയ്ത വേഷം എല്ലാവരും അംഗീകരിച്ചല്ലോ? പിന്നെ എന്തുകൊണ്ട് എനിക്ക് ചെയ്തുകൂടാതെന്ന് ഞാൻ ചോദിച്ചു.

അങ്ങനെയൊരു വേഷത്തിനായി കാത്തിരിക്കുകയാണ്. എന്റെ രൂപമൊക്കെ മാ​റ്റി അഭിനയിക്കണമെന്നുണ്ട്. രാഷ്ട്രീയത്തിൽ താൽപര്യമുണ്ടെന്ന് ഞാൻ മുൻപ് പറഞ്ഞിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്. എനിക്ക് മ​റ്റുളളവർക്കുവേണ്ടി ഒരുപാട് സേവനങ്ങൾ ചെയ്യണമെന്നുണ്ട്. എനിക്ക് അത് ചെയ്യാനുളള കഴിവുണ്ട്. സുരേഷ്‌ഗോപി എന്റെ നല്ല സുഹൃത്താണ്. അദ്ദേഹമുളളതുകൊണ്ട് ഞാൻ ബിജെപിയിലേക്ക് പോകുമോയെന്ന് പലർക്കും സംശയമുണ്ട്'- ശോഭന പറഞ്ഞു.