തിരുവോണം കഴിഞ്ഞു, ഇനിയുള്ളത് വാലോണം; അന്നത്തെ പ്രത്യേകതകൾ എന്തൊക്കെയെന്ന് അറിയാമോ?
ചിങ്ങമാസത്തിലെ തിരുവോണം കഴിഞ്ഞദിവസം മലയാളികൾ ഗംഭീരമായി ആഘോഷിച്ചു. അങ്ങനെയെങ്കിൽ കന്നിമാസത്തിലെ തിരുവോണമോ? അതും മലയാളികൾ ആഘോഷിക്കുന്നുണ്ട്. പൂക്കളത്തോടുകൂടിത്തന്നെ. പക്ഷേ, അത്ര വ്യാപകമല്ലെന്ന് മാത്രം. വാലോണം എന്നും ചിലയിടങ്ങിൽ അറിയപ്പെടുന്നുണ്ട്. ഇരുപത്തെട്ടുകൂട്ടം വിഭവങ്ങളോടുകൂടിയ സദ്യ അന്ന് നിർബന്ധമാണ്.
ഇരുപത്തെട്ടാം ഓണം പ്രാധാന്യത്തോടെ ആഘോഷിക്കുന്നത് ഓച്ചിറയിലാണ്. പരബ്രഹ്മ ക്ഷേത്രത്തിലെ കാളകെട്ട് അഥവാ കാളവേല ആഘോഷിക്കുന്നത് ഇരുപത്തെട്ടാം ഓണാഘോഷത്തോടനുബന്ധിച്ചാണ്. കാളകളുടെ രൂപങ്ങൾ കെട്ടിയുണ്ടാക്കി അതിനെ ഓച്ചിറ പടനിലത്ത് നിരത്തിനിറുത്തുന്നതാണ് കാളവേല. ഇങ്ങനെ കെട്ടിയുണ്ടാക്കുന്ന കാളരൂപങ്ങൾ കെട്ടുകാഴ്ചകൾ എന്നും വിളിക്കുന്നു.വൻ ഉയരത്തിലായിരിക്കും പല കെട്ടുകാഴ്ചകളും..
ഓണാട്ടുകരയിലെ 52 കരക്കാരുടെ വകയായാണ് ഈ കെട്ടുകാഴ്ചകൾ ഒരുക്കുന്നത്. കാർഷികാഭിവൃദ്ധിക്കുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. കന്നിമാസത്തിലാണ് കെട്ടുകാഴ്ചയെങ്കിലും കർക്കടകമാസത്തിൽ തന്നെ അതിനുളള ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ടാവും. മരത്തിൽ നിർമ്മിച്ച ചട്ടങ്ങളുടെ പുറത്ത് വൈക്കോൽ ഉൾപ്പെടെയുള്ളവ ഉപയോഗിച്ചാണ് കാളയുടെ രൂപം കെട്ടിയുണ്ടാക്കുന്നത്. ഉടൽ ഉണ്ടാക്കിക്കഴിഞ്ഞാൽ അതിനുമുകളിൽ തല പിടിപ്പിക്കും. കാളയുടെ തല സ്ഥിരമായി ഉണ്ടാക്കിയവയായിരിക്കും. ആവശ്യമെങ്കിൽ ഇതിന് അറ്റകുറ്റപ്പണികൾ നടത്തുമെന്നുമാത്രം. മേളങ്ങളുടെ അകമ്പടിയോടെയാണ് കാളകളെ ക്ഷേത്രത്തിലേക്ക് ആനയിച്ചുകൊണ്ടുവരുന്നത്. മികച്ച കാളകൾക്ക് സമ്മാനവും നൽകാറുണ്ട്.
ഏറ്റവും മനോഹരമായി കാളകളെ അണിയിച്ചൊരുക്കാനായിരിക്കും ഓരോ കരക്കാരും ശ്രമിക്കുന്നത്. സമ്മാനം വാങ്ങുക മാത്രമല്ല അതിനുപിന്നിലെ ലക്ഷ്യം. മനോഹരമായ കാളകളെ അണിനിരത്തുക എന്നത് ഓരോ കരക്കാരുടെയും അഭിമാന പ്രശ്നമാണെന്നതുതന്നെ. വലുതും ചെറുതുമായി ഇരുനൂറോളം കാളരൂപങ്ങൾ അണിനിരക്കാറുണ്ടത്രേ.