പനിച്ചൂടിൽ കുട്ടികൾ

Sunday 07 September 2025 12:12 AM IST

കോട്ടയം : ജില്ലയിൽ കുട്ടികളിൽ പനി വ്യാപകമാകുന്നു. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നത് നിരവധിപ്പേരാണ്. പനിയ്ക്കൊപ്പം തളർച്ചയും അനുഭവപ്പെടുന്നുണ്ട്. ഇൻഫ്ലുവൻസ എ യാണ് കൂടുതലായി കണ്ടുവരുന്നത്. ആദ്യരണ്ടു ദിവസങ്ങളിൽ അതിശക്തമായ പനി, കണ്ണുകളും ചുണ്ടും ചുവന്നു വരുക, ശരീരവേദന, ഛർദ്ദി, വയറുവേദന, ആഹാരത്തോട് താത്പര്യമില്ലായ്മ, രുചി നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പനി വിട്ടുമാറിയാലും ഒന്നോ രണ്ടോ ആഴ്ച ചുമ നീണ്ടുനിൽക്കുകയാണ്. പനിബാധിതർ നിർബന്ധമായും ആശുപത്രികളിൽ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. സ്വയംചികിത്സ പാടില്ല. ഇത് ആരോഗ്യസ്ഥിതി ഗുരുതരമാക്കും. രോഗം ബാധിച്ചവരും പനി മാറിയവരും പൂർണമായും വിശ്രമിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, പഴങ്ങൾ എന്നിവ കഴിക്കുന്നത് ക്ഷീണം അകലാൻ ഉപകരിക്കും. ഡോക്ടറുടെ നിർദ്ദേശത്തോടെ മാത്രമേ മരുന്നുകൾ കഴിക്കാവൂ.

ആശങ്കയായി തക്കാളിപ്പനിയും

കഴിഞ്ഞ ഏതാനും ആഴ്ചകളായി തക്കാളിപ്പനിയും (ഹാൻഡ് ഫൂട്ട് മൗത്ത് ഡിസീസ്) കുട്ടികളിൽ പടരുന്നുണ്ട്. അ‌ഞ്ച് വയസിൽ താഴെയുള്ള കുട്ടികളിലാണ് രോഗബാധയ്ക്ക് സാദ്ധ്യതയെങ്കിലും മുതിർന്നവരിലും രോഗബാധ കാണാറുണ്ട്. കൈവെള്ള, പാദം, വായ, ചുണ്ട് എന്നിവിടങ്ങളിൽ കണ്ടുവരുന്ന വൈറസ് രോഗമാണിത്. രോഗം ബാധിച്ച കുട്ടികളുടെ മൂക്കിലേയോ തൊണ്ടയിലേയോ സ്രവം, ഉമിനീർ, തൊലിപ്പുറത്തെ കുമിളകളിൽ നിന്നുള്ള സ്രവം, രോഗിയുടെ മലം തുടങ്ങിയവ വഴിയുള്ള സമ്പർക്കത്തിലൂടെ മറ്രൊരാളിലേക്ക് രോഗം പകരും. ചികിത്സിച്ചാൽ പരമാവധി പത്ത് ദിവസത്തിനുള്ളിൽ ഭേദമാകും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രോഗം വന്നാൽ വിശ്രമിക്കുക

തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക

കഫക്കെട്ടിൽ നിറവ്യത്യാസം വന്നാൽ

ശ്വാസംമുട്ട്, ഇതുവരെയില്ലാത്ത തളർച്ച

 ''കുട്ടികളിൽ പനിച്ചൂട് ഉയരാതെ ശ്രദ്ധിക്കണം. ശരീരം ഇളംചൂടുവെള്ളത്തിൽ തുണി മുക്കിപ്പിഴിഞ്ഞ് തുടച്ചു കൊടുക്കണം. നാലു മുതൽ ആറു മണിക്കൂർ വരെ ഇടവിട്ടു പാരസെറ്റമോൾ നൽകണം.

ആരോഗ്യവകുപ്പ് അധികൃതർ