കൂലിയെ ചൊല്ലി തര്‍ക്കം; ജീവനക്കാരനെ വെട്ടി കടയുടമ, പ്രതി കീഴടങ്ങി
പാലക്കാട് : കൂലിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒറ്റപ്പാലത്ത് യുവാവിന് വെട്ടേറ്റു. പാലപ്പുറം പല്ലാര്‍മംഗലം സ്വദേശി മുഹമ്മദ് ഫെബിനാണ് വെട്ടേറ്റത്. സംഭവത്തിനുശേഷം പ്രതിയായ സെയ്താലി(48) കത്തി സഹിതം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഒറ്റപ്പാലം മായന്നൂര്‍ പാലം ജംഗ്ഷനിലെ പൂക്കടയില്‍ ഇന്നലെ രാത്രി ഒന്‍പതുമണിയോടെയായിരുന്നു സംഭവം.
പത്തിരിപ്പാല സ്വദേശിയായ സെയ്താലിയുടെ ഉടമസ്ഥതയിലുള്ള പൂക്കടയിലെ ജീവനക്കാരനായിരുന്നു മുഹമ്മദ് ഫെബിന്‍. ഓണത്തോടനുബന്ധിച്ച് നടത്തിയ കച്ചവടത്തിലെ കൂലിയുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് സെയ്താലി കടയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഫെബിനെ വെട്ടുകയായിരുന്നു.
കഴുത്തിലും തലയിലും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റ ഫെബിനെ ഉടന്‍തന്നെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഫെബിന്റെ നില ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഒറ്റപ്പാലം ഇന്‍സ്‌പെക്ടര്‍ എ. അജീഷിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.