പതിനെട്ടാംവർഷവും ഇടയിലക്കാട്ടെ വാനരക്കൂട്ടം ഓണസദ്യയുണ്ടു
തൃക്കരിപ്പൂർ: തിന്നും കുടിച്ചും പിടിച്ചു വാങ്ങിയും കുസൃതി കാണിച്ചും കടി പിടികൂടിയും ഇത്തവണയും ഇടയിലക്കാട്ടിലെ വാനരപ്പടയുടെ ഓണസദ്യ കേമമായി. അവിട്ടം നാളിൽ നടന്നു വരുന്ന ഈ വാനരസദ്യ പതിനെട്ടാമത് വർഷത്തിലേക്ക് കടന്നപ്പോൾ അത് നേരിട്ട് കണ്ട് ആസ്വദിക്കാനും അനുഭവമാക്കാനും മാദ്ധ്യമങ്ങളും ടൂറിസ്റ്റുകളുമടക്കം വൻ ജനാവലി സ്ഥലത്തെത്തിയിരുന്നു.
മേശയ്ക്കു മുകളിൽ വിരിച്ച വാഴയിലയിൽ ആദ്യം ഉപ്പു ചേർക്കാത്ത ചോറാണ് എത്തിയത്. പിന്നാലെ മറ്റ് വിഭവങ്ങളും നിരന്നു. വിളമ്പലിനിടയിൽ തന്നെ കുരങ്ങുകൾ വാരിക്കഴിച്ചുതുടങ്ങിയിരുന്നു. കാരറ്റ്,പപ്പായ, തക്കാളി, ബീറ്റ്റൂട്ട്, കക്കിരി, ഉറുമാൻ പഴം, പേരയ്ക്ക, സപ്പോട്ട, നെല്ലിക്ക, ചെറുപഴം വത്തക്ക, പൈനാപ്പിൾ, വെള്ളരി, സബർ ജില്ലി, മത്തൻ, കോവയ്ക്ക, സർബത്തിൻ കായ എന്നീ 18 ഇനങ്ങളാണ് ഇക്കുറി സദ്യയിൽ വിളമ്പിയത്. സ്റ്റീൽ ഗ്ലാസിലാണ് വെള്ളം നൽകിയത്. കാട്ടുമരകൊമ്പുകൾ കുലുക്കിയും സദ്യയുടെ കൗതുകങ്ങൾ കാണാനെത്തിയവർക്കു നേരെ കൊഞ്ഞനംകുത്തിയും കുരങ്ങൻമാർ ത്രില്ലിലായിരുന്നു . കാവിലെ മുപ്പതോളം വരുന്ന വാനരർക്ക് ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദിയാണ് തൂശനിലയിൽ ഓണസദ്യ വിളമ്പിയത്.
വാനരർക്ക് കഴിഞ്ഞ രണ്ടുദശകക്കാലമായി മുറതെറ്റാതെ ഉപ്പു ചേർക്കാത്ത ചോറുവിളമ്പിയ ചാലിൽ മാണിക്കമ്മയുടെ വീട്ടിൽ നിന്നാണ് പഴങ്ങളും പച്ചക്കറികളും ബാലവേദി പ്രവർത്തകരും മുതിർന്നവരും നുറുക്കിയെടുത്തത്. മാണിക്കമ്മ കൈമാറിയ വിഭവങ്ങളുമായി ഓണപ്പാട്ടുകൾ പാടിയായിരുന്നു കുട്ടികൾ കാവിലേക്ക് എത്തിയത്. കാവിലെത്തുന്ന സഞ്ചാരികൾ കൊടുക്കുന്ന പലതരം ഭക്ഷണങ്ങൾ കുരങ്ങുകളെ ഗുരുതരമായി ബാധിക്കുന്നുവെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ഗ്രന്ഥശാല സദ്യ ഒരുക്കി വരുന്നത്.
ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.വേണുഗോപാലൻ, പരിസ്ഥിതി പ്രവർത്തകൻ ആനന്ദ് പേക്കടം, ഗ്രന്ഥാലയം സെക്രട്ടറി വി.കെ.കരുണാകരൻ, പ്രസിഡന്റ് കെ.സത്യവ്രതൻ, ബാലവേദി കൺവീനർ എം.ബാബു, വി.റീജിത്ത്, എം. ഉമേശൻ, പി.വി.സുരേശൻ,വി.ഹരീഷ്, കെ.വി.രമണി, വി.വി.സിന്ധു, സി ജലജ എന്നിവർ സംസാരിച്ചു.