കണ്ടശ്ശാംകടവ് ജലോത്സവം : ജവഹർ തായങ്കരി, താണിയൻ, പമ്പാവാസൻ ജേതാക്കൾ
അന്തിക്കാട്: ഓണം വാരാഘോഷത്തിന്റെ ഭാഗമായി ചീഫ് മിനിസ്റ്റേഴ്‌സ് എവർറോളിംഗ് ട്രോഫിക്കായി നടന്ന കണ്ടശ്ശാംകടവ് ജലോത്സവത്തിൽ എടത്വ ടൗൺ ബോട്ട് ക്ലബ്ബിന്റെ ജവഹർ തായങ്കരി ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. സൗത്ത് പറവൂർ വെല്ലൂർ ബോട്ട് ക്ലബ്ബിന്റെ ആലപ്പാട് ചുണ്ടനാണ് രണ്ടാം സ്ഥാനം. ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ, ജലവാഹിനി ബോട്ട് ക്ലബ് എന്നിവയുടെ നേതൃത്വത്തിലാണ് കനോലി കനാലിലെ കണ്ടശ്ശാംകടവ് സൗഹൃദ തീരത്ത് ജലോത്സവം നടന്നത്.
ചുരുളൻ എ ഗ്രേഡിൽ കണ്ടശ്ശാംകടവ് കരിക്കൊടി കെ.ഡി.ബി.സിയുടെ താണിയനും ബി ഗ്രേഡിൽ ഇല്ലിക്കൽ ബി.ബി.സിയുടെ പമ്പാവാസനും ഒന്നാം സ്ഥാനം നേടി. എ ഗ്രേഡിൽ നടുവിൽ സംഘം ബോട്ട് ക്ലബ്ബിന്റെ ഗരുഡനും ബി ഗ്രേഡിൽ പുളിയംതുരുത്ത് പി.ബി.സിയുടെ ജിബി തട്ടകനും രണ്ടാം സ്ഥാനം നേടി. ജലഘോഷയാത്രയിൽ ഗോതുരുത്തിനാണ് ഒന്നാം സ്ഥാനം. മുതിർന്ന കുട്ടികളുടെ നീന്തൽ മത്സരത്തിൽ സഹോദരങ്ങളായ ടി.എ.അതുൽ രാജ്, ടി.എ.അജുൽ രാജ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി.
12 വയസിൽ താഴെയുള്ള കുട്ടികളുടെ വിഭാഗത്തിൽ എ.ആർ.റിഥിക്, സി.എം.അദ്വൈത് എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് ജലഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. കെ.കെ.ശശിധരൻ അദ്ധ്യക്ഷനായി. വി.എൻ.സുർജിത്ത് , കെ.സി.പ്രസാദ്, ബെന്നി ആന്റണി, എ.വി.വല്ലഭൻ, ജീന നന്ദൻ, റെജീന, രാഗേഷ് കണിയാംപറമ്പിൽ, പി.എ.രമേശേൻ, പി.ഡി.ജോസി, കെ.വി.വിനോദൻ എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനത്തിൽ കളക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതചന്ദ്രൻ, ഡിവൈ.എസ്.പിമാരായ പി.കെ.രാജു, ഷാജു എന്നിവർ സമ്മാനദാനം നിർവഹിച്ചു.