ഫ്ലക്സ് ബോർഡുകൾ അപകടം സൃഷ്ടിക്കുന്നു

Sunday 07 September 2025 1:53 AM IST

പൂവാർ: തിരുപുറം പഴയകട ജംഗ്ഷനിൽ നടപ്പാത കൈയേറി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങളും ഫ്ലക്സ് ബോർഡുകളും കാരണം അപകടം പതിവാകുന്നതായി പരാതി. ബോർഡുകളുടെയും കൊടി തോരണങ്ങളുടെയും എണ്ണം വർദ്ധിച്ചതോടെ വഴിയാത്രക്കാർ റോഡിന്റെ നടുവിലൂടെ യാത്ര ചെയ്യേണ്ട ഗതികേടിലാണ്. പഴയകട, കാഞ്ഞിരംകുളം, നെയ്യാറ്റിൻകര, പൂവാർ എന്നീ റോഡുകൾ സംഗമിക്കുന്ന പഴയകട ജംഗ്ഷനിൽ 10 അടിയോളം പൊക്കമുള്ള ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന ബൈക്കുകളും സൈക്കിളുകളും കാരണം

വഴിയാത്രക്കാർക്ക് റോഡിൽ ഇറങ്ങി യാത്ര ചെയ്യേണ്ട അവസ്ഥയാണ്. ഇതു കൂടുതൽ അപകങ്ങൾക്ക് കാരണമാകുന്നു. പ്രദേശത്തെ വ്യാപാരികളും നാട്ടുകാരും അധികൃതർക്ക് പലതവണ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. ഫ്ലക്സ് ബോർഡുകളും കൊടിമരങ്ങളും സ്ഥാപിക്കുന്നതു സംബന്ധിച്ച് കോടതി വിധിയെ കാറ്റിൽപ്പറത്തിയാണ് പഴയകട ജംഗ്ഷനിൽ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. അപകടം ക്ഷണിച്ചുവരുത്തുന്ന ഇത്തരം ബോർഡുകൾ നീക്കംചെയ്യാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.