ലഹരിവസ്തുവിനായി പിടിവലി; കത്രിക കുത്തിയിറങ്ങി യുവാവിനു പരിക്ക്

Sunday 07 September 2025 12:10 AM IST

നെടുമങ്ങാട്: കൂട്ടുകാരന്റെ പോക്കറ്റിൽ നിന്ന് ലഹരിവസ്തു വലിച്ചെടുക്കുന്നതിനിടയിൽ,കൈയിലിരുന്ന കത്രിക നെഞ്ചിൽ കുത്തിയിറങ്ങി യുവാവിന് പരിക്ക്.തിരുവോണ ദിനത്തിൽ ഉച്ചയ്ക്ക് രണ്ടോടെ നെടുമങ്ങാട് കച്ചേരി നടയിലായിരുന്നു സംഭവം. പരിക്കേറ്റ തെങ്കാശി ശങ്കരൻകോവിൽ സ്വദേശി അനീഷിനെ (40) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ അനീഷിന്റെ കൂട്ടുകാരൻ നെടുമങ്ങാട് വാണ്ടയിൽ കട്ടപ്പ എന്ന് വിളിക്കുന്ന കുമാറിനെ (54) പൊലീസ് അറസ്റ്റ് ചെയ്തു.കച്ചേരിനടയിലെ ഒരു പൂക്കടയിൽ താത്കാലിക ജോലിക്കാരനായ അനീഷും,പൂ വിൽക്കാനെത്തുന്ന കുമാറും സുഹൃത്തുക്കളാണ്.ഓണം പ്രമാണിച്ച് അനീഷിന് അവധിയായിരുന്നു.

പൂവുമായെത്തിയ കുമാർ റോഡിൽ നിന്ന അനീഷിന്റെ പോക്കറ്റിൽ നിന്ന് ലഹരിവസ്തു ബലംപ്രയോഗിച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ,ഇയാളുടെ കൈവശമുണ്ടായിരുന്ന കത്രിക കൊണ്ട് മുറിവേൽക്കുകയായിരുന്നു.നെടുമങ്ങാട് പൊലീസിൽ പരാതിയുമായെത്തിയ അനീഷിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കല്ലിംഗൽ ജംഗ്‌ഷനിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത കുമാറിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.