സ്വരാജ് റൗണ്ടിൽ നാളെ പുലികളിറങ്ങും, ഇനി പുലി ലഹരി

Sunday 07 September 2025 12:00 AM IST

തൃശൂർ: പുലിച്ചുവടുകളും പുലിത്താളവുമായി തൃശൂർ സ്വരാജ് റൗണ്ടിൽ നാളെ പുലിയിറങ്ങും. എല്ലാവർക്കും നാലാം ഓണം ഇന്നാണ്, എന്നാൽ നാളെയാണ് തൃശൂർക്കാരുടെ നാലാം ഓണംനാൾ. തിരുവോണനാൾ കഴിഞ്ഞ് നാലാം ദിവസമാണ് അരമണി കിലുക്കി, അസുരവാദ്യത്തിലെ പുലിത്താളമിട്ട് കുടവയറിളക്കി അവർ ഇറങ്ങുന്നത്. ഒമ്പത് പുലികളി സംഘങ്ങളാണ് ഇക്കുറി എം.ജി റോഡ് വഴി സ്വരാജ് റൗണ്ടിന് ചുറ്റും കളിക്കിറങ്ങുക.

പുലികളി കലാകാരന്മാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് ആദ്യമായി 50 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയും കോർപറേഷൻ ഉറപ്പാക്കിയിട്ടുണ്ട്. പുലിവരയ്ക്കും ചമയ പ്രദർശനത്തിനും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്ക് ട്രോഫിയും ക്യാഷ് പ്രൈസും നൽകും. കോർപറേഷന്റെ ലഹരി വിരുദ്ധ ബോധവത്കരണ പ്ലോട്ടും ഈ വർഷത്തെ പ്രത്യേകയാണ്. പുലികളി സംഘങ്ങൾക്കുള്ള ധനസഹായമായ 3,12,500 രൂപയുടെ അഡ്വാൻസായി ഓരോ സംഘത്തിനും 1,56,000 രൂപ വീതം കൈമാറി.

പുലിപ്രവേശം ഇങ്ങനെ

നാളെ വൈകിട്ട് 4.30ന് സ്വരാജ് റൗണ്ടിലെ തെക്കെ ഗോപുരനടയിൽ വെളിയന്നൂർ ദേശത്തിന് മേയർ എം.കെ. വർഗീസിന്റെ അദ്ധ്യക്ഷതയിൽ മന്ത്രിമാരും എം.എൽ.എയും സംയുക്തമായി ഫ്‌ളാഗ് ഓഫ് ചെയ്ത് പുലികളി മഹോത്സവത്തിന് തുടക്കം കുറിക്കും. ബിനി ജംഗ്ഷൻ വഴി കുട്ടൻകുളങ്ങര ദേശവും കല്യാൺ ജ്വല്ലേഴ്‌സിന് സമീപം നിന്ന് യുവജനസംഘം വിയ്യൂരും നടുവിലാൽ ജംഗ്ഷൻ വഴി ശങ്കരംകുളങ്ങര ദേശം, അയ്യന്തോൾ ദേശം, ചക്കാമുക്ക് ദേശം, സീതാറാം മിൽ ദേശം എന്നീ നാല് ടീമുകളും നായ്ക്കനാൽ ജംഗ്ഷൻ വഴി നായ്ക്കനാൽ ദേശവും പാട്ടുരായ്ക്ക ൽദേശവും സ്വരാജ് റൗണ്ടിൽ പ്രവേശിക്കും.

പുലിവരയ്ക്കും സമ്മാനം

ഒരു പുലികളി സംഘത്തിൽ 35 മുതൽ 51 വരെ പുലികളും ഒരു നിശ്ചല ദൃശ്യവും ഒരു പുലി വണ്ടിയുമുണ്ടാകും. പുലികളിയിൽ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 62,500, 50,000, 43,750 രൂപയും നിശ്ചല ദൃശ്യത്തിന് യഥാക്രമം 50,000/43,750/,37,500/ രൂപയും പുലികൊട്ടിനും പുലിവേഷത്തിനും പുലി വണ്ടിക്കും യഥാക്രമം 12,500, 9375, 6250 രൂപയും മികച്ച അച്ചടക്കമുള്ള ടീമിന് 18,750 രൂപയും ട്രോഫികളും നൽകും. ഈ വർഷം മുതൽ പുലിവരയ്ക്ക് യഥാക്രമം 12,500, 9,375, 6,250 എന്ന നിരക്കിൽ കാഷ് പ്രൈസ് നൽകും. ചമയപ്രദർശനത്തിന് 25,001, 20,001, 15,001 രൂപ എന്ന നിരക്കിൽ ക്യാഷ് പ്രൈസ് നൽകും. 120 ലിറ്റർ മണ്ണെണ്ണയും സംഘങ്ങൾക്ക് കോർപറേഷൻ ലഭ്യമാക്കും.