അതിരപ്പള്ളിയിൽ ഓണത്തിരക്ക്
Sunday 07 September 2025 12:00 AM IST
ചാലക്കുടി: ഓണക്കാലം ആഘോഷിക്കാൻ അതിരപ്പിള്ളിയിൽ വൻജനത്തിരക്ക്. ഓണത്തിന്റെ ശനിയാഴ്ച അതിരപ്പിള്ളിയിൽ ഒഴുകിയെത്തിയത് പതിനേഴായിരത്തിലധികം വിനോദസഞ്ചാരികൾ. 9.30 ലക്ഷം രൂപയുടെ വരുമാനവുമുണ്ടായി. ഒറ്റ ദിവസത്തിൽ ടിക്കറ്റ് ഇനത്തിൽ ഇത്രയേറെ വരുമാനം ലഭിക്കുന്നത് ഇതാദ്യമാണ്. 21 വിദേശികളും ശനിയാഴ്ച അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനെത്തി. 321 വാഹനങ്ങളുടെ പാർക്കിങ്ങിനത്തിൽ 16000 രൂപ ലഭിച്ചു. വാഴച്ചാൽ വിനോദസഞ്ചാര കേന്ദ്രത്തിൽ മാത്രമായി 1774 വിനോദ സഞ്ചാരികൾ വന്നപ്പോൾ ഒരു ലക്ഷം രൂപയുടെ വരുമാനവും ലഭിച്ചു. വെള്ളിയാഴ്ച 5000 ത്തോളം വിനോദസഞ്ചാരികളാണ് അതിരപ്പള്ളിയിൽ എത്തിയത്. കനത്ത തിരക്കിൽ അതിരപ്പിള്ളി റോഡിൽ ഗതാഗതം തടസപ്പെട്ടു. ടൂറിസം പൊലീസും വി.എസ്.എസ് പ്രവർത്തകരും ചേർന്നാണ് തിക്കുംതിരക്കും നിയന്ത്രിച്ചത്.