ഇന്ത്യ- യു.എസ് ബന്ധം, മലക്കം മറിഞ്ഞ് സ്‌തുതിച്ച് ട്രംപ്

Sunday 07 September 2025 12:40 AM IST

ന്യൂഡൽഹി: തീരുവ പ്രഹരം മറികടക്കാൻ ഇന്ത്യയും ചൈനയും ഒരുമിച്ചതിനു പിന്നാലെ, പ്രതിരോധ ഇടപാടുകളിൽ യു.എസിനെ വിട്ട് ഇന്ത്യ റഷ്യയെ കൂടുതൽ ആശ്രയിക്കുമെന്ന സൂചനയും ലഭിച്ചതോടെ മലക്കം മറിഞ്ഞ് ഡൊണാൾഡ് ട്രംപ്.

ഇന്ത്യ- യു.എസ് ബന്ധം സവിശേഷമാണെന്ന് പുകഴ്ത്തി. ബന്ധം ഊഷ്മളമായി നിലനിറുത്താൻ എപ്പോഴും തയ്യാറാണെന്നും വ്യക്തമാക്കി. മോദിയെ മഹാനായ പ്രധാനമന്ത്രിയെന്നും വിശേഷിപ്പിച്ചു. ട്രംപിന്റെ നിലപാടുമാറ്റത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്‌തു.

ഒരു ദേശീയ മാദ്ധ്യമത്തോടാണ് ട്രംപിന്റെ പ്രതികരണം. ' ഞാനും മോദിയും എപ്പോഴും സുഹൃത്തുക്കളായിരിക്കും. ഇന്ത്യ- യു.എസ് സൗഹൃദത്തിൽ ആശങ്ക വേണ്ട. ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ മോദിക്കൊപ്പം നടത്തിയ പത്രസമ്മേളനം ഊഷ‌്‌മള ബന്ധത്തിന് തെളിവാണ്. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിൽ മാത്രമാണ് നിരാശ." - ട്രംപ് പറഞ്ഞു.

ഇന്ത്യയെയും റഷ്യയെയും തങ്ങൾക്ക് നഷ്ടമായെന്നും ഇരുണ്ട ചൈനയ്ക്കാണ് അവരെ ലഭിച്ചതെന്നും കഴിഞ്ഞ ദിവസം ട്രംപ് പരിഹസിച്ചിരുന്നു. മൂന്ന് രാജ്യങ്ങൾക്കും ഒരുമിച്ച് സമൃദ്ധമായ ഭാവി ഉണ്ടാകട്ടെയെന്ന് മോദി, പുട്ടിൻ, ഷീ ജിൻപിംഗ് എന്നിവർ ഒന്നിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചായിരുന്നു പരിഹാസം.

ഇന്ത്യ- യു.എസ് ബന്ധത്തെക്കുറിച്ച് പറഞ്ഞതിനെ അഭിനന്ദിക്കുന്നതായി മോദി എക്‌സിൽ കുറിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ സമഗ്രവും തന്ത്രപരവുമായ ആഗോള ഭാവി പങ്കാളിത്തമാണുള്ളതെന്നും ചൂണ്ടിക്കാട്ടി.

ഇന്ത്യ- യു.എസ് പങ്കാളിത്തത്തിന് പ്രധാനമന്ത്രി വലിയ പ്രാധാന്യം നൽകുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പറഞ്ഞു. പ്രധാനമന്ത്രിയും ട്രംപും തമ്മിൽ വ്യക്തിപരമായ സമവാക്യമുണ്ട്.

പ്രധാനമന്ത്രി യു.എന്നിലേക്കില്ല

ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ളിയുടെ 80-ാമത് സമ്മേളനത്തിലെ ഉന്നതതല ചർച്ചയിൽ പ്രധാനമന്ത്രി പങ്കെടുക്കില്ല. എസ്. ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിക്കും. ഈ മാസം 27ന് അദ്ദേഹം പ്രസംഗിക്കും. ട്രംപ് 23ന് അസംബ്ലിയെ അഭിസംബോധന ചെയ്യും.

ഇന്ത്യ പിണങ്ങിയാൽ

കച്ചവടത്തെ ബാധിക്കും

1. എഫ് 35 യുദ്ധവിമാനമടക്കം യു.എസിൽ നിന്നു വാങ്ങാനുള്ള ഇടപാടുകൾ വെള്ളത്തിലാകും

2. സുഖോയ് 57 ഇന്ത്യയ്ക്ക് നൽകാൻ റഷ്യ തയ്യാറാണ്. എസ്- 400 കൂടുതൽ വാങ്ങാൻ കഴിഞ്ഞദിവസം കരാറായി

3. 2030ൽ ഉഭയകക്ഷി വ്യാപാരം 500 ശതകോടി ഡോളറാക്കാനുള്ള മിഷൻ 500 പാതിവഴിയിലാകും

4. ലോക ശക്തിയാകാൻ ശ്രമിക്കുന്ന ചൈനയെ തടയാൻ ഇന്ത്യയെ കൂട്ടുപിടിക്കുന്ന തന്ത്രത്തിന് തിരിച്ചടിയാവും

5 ഇന്ത്യ- റഷ്യ- ചൈന അച്ചുതണ്ട് എന്ന പുതിയ ലോകക്രമം യു.എസിന്റെ പ്രാധാന്യം കുറയ്‌ക്കും