ശിഷ്യ പഠിപ്പിച്ചു അദ്ധ്യാപികയ്ക്ക് ഭരതനാട്യത്തിൽ അരങ്ങേറ്റം

Sunday 07 September 2025 12:58 AM IST

മാന്നാർ: അദ്ധ്യാപികയായ അമ്മയും മകളും ശിഷ്യ പകർന്നു നൽകിയ നൃത്തച്ചുവടുകളിലൂടെ ഒരേ വേദിയിൽ അരങ്ങേറ്റം കുറിച്ചു. പരുമല ദേവസ്വം ബോർഡ് പമ്പ കോളേജ് സാമ്പത്തികശാസ്ത്ര വിഭാഗം മേധാവി ഡോ. പ്രിയദർശിനിയും മകൾ മാവേലിക്കര ശ്രീ വിദ്യാധിരാജ വിദ്യാപീഠം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി അവന്തികയുമാണ് മാന്നാർ തൃക്കുരട്ടി ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ചത്.

സാമ്പത്തികശാസ്ത്ര അദ്ധ്യാപികയായ ഡോ. പ്രിയദർശിനിയുടെ ശിഷ്യ അർച്ചന അനിൽകുമാറിൽ നിന്നുമാണ് അമ്മയും മകളും നൃത്തം അഭ്യസിച്ചത്. ആർ.എൽ.വി മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് ഗവണ്മെന്റ് കോളേജിലെ മൂന്നാം വർഷ ഭരതനാട്യ ബിരുദ വിദ്യാർഥിനിയും ദേവസ്വം ബോർഡ് പമ്പ കോളേജിലെ സാമ്പത്തികശാസ്ത്ര വിഭാഗം പൂർവ വിദ്യാർഥിനിയും ആണ് അർച്ചന അനിൽകുമാർ. ഒൻപത് വർഷമായി കടപ്രയിൽ നവഗ്രഹ നൃത്തകലാക്ഷേത്ര നടത്തിവരുന്ന അർച്ചന അനിൽകുമാർ നിരവധി വിദ്യാർത്ഥികളെ നൃത്തം അഭ്യസിപ്പിച്ചിട്ടുണ്ട്. സ്കൂൾ, കോളേജ് യൂണിവേഴ്സിറ്റി ,സഹോദയ മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുമുണ്ട് . ചെറുപ്പകാലത്തു പൂർത്തീകരിക്കാൻ സാധിക്കാത്ത അഭിലാഷം സ്വന്തം ശിഷ്യയും ഭരതനാട്യം ഗുരുവുമായ അർച്ചനയിലൂടെ സ്വന്തം മകളോടൊപ്പം സാധിച്ചതിന്റെ സന്തോഷത്തിലാണ് ഡോ.പ്രിയദർശിനി. കായംകുളം ശ്രീ വിഠോബ ഹൈസ്കൂൾ അധ്യാപകൻ സന്തോഷ് ആണ് പ്രിയദർശിനിയുടെ ഭർത്താവ്.