പായിപ്പാട് ജലോത്സവം : മത്സര വള്ളംകളി ഇന്ന്

Sunday 07 September 2025 12:06 AM IST

ഹരിപ്പാട് : ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ വിഗ്രഹലബ്ധി സ്മാരകമായി നടത്തുന്ന പായിപ്പാട് ജലോത്സവം ഇന്ന് നടക്കും. 10ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 40കളിവള്ളങ്ങൾ പങ്കെടുക്കും. ഉത്രാടം നാളിൽ രാവിലെ ജലോത്സവസമിതി വൈസ് ചെയർമാൻ കെ.കാർത്തികേയൻ പതാകയുയർത്തി. മത്സര വള്ളംകളിയിൽ പങ്കെടുക്കുന്ന ചുണ്ടൻവള്ളങ്ങൾ നെൽപ്പുരക്കടവിലെത്തി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഹരിപ്പാട് ക്ഷേത്രദർശനം നടത്തി. കുട്ടികളുടെ ജലമേള വീയപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ഷാനവാസ്‌ ഉദ്ഘാടനം ചെയ്തു. ഇന്നലെ കാർഷിക സെമിനാർ, ജലമേള, വഞ്ചിപ്പാട്ട് മത്സരം നടന്നു. ഇന്ന് ഉച്ചയ്ക്ക് 1.30ന് മത്സരവള്ളംകളി ആരംഭിക്കും.കേന്ദ്രമന്ത്രി സുരേഷ് ഗോപി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.തോമസ് കെ. തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.മന്ത്രി പി.പ്രസാദ് മത്സരവള്ളംകളി ഉദ്ഘാടനം ചെയ്യും. കെ.സി.വേണുഗോപാൽ എം. പി ജലഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിക്കും. രമേശ് ചെന്നിത്തല എം.എൽ.എ സുവനീർ പ്രകാശനം ചെയ്യും. കളക്ടർ അലക്സ് വർഗീസ് മുഖ്യപ്രഭാഷണവും കൊടിക്കുന്നിൽ സുരേഷ് എം.പി സമ്മാനദാനവും നിർവഹിക്കും. സ്റ്റാർട്ടിംഗ്, ഫിനിഷിംഗ് പോയിന്റുകളിൽ ആധുനിക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.