തഴവയിൽ വീട് കയറി ആക്രമണം; പ്രതി പിടിയിൽ

Sunday 07 September 2025 12:18 AM IST

തഴവ: തഴവയിൽ ഒരു വീട്ടിൽ കയറി ആക്രമണം നടത്തിയ കേസിൽ ഒരാൾ പൊലീസ് പിടിയിലായി. തേവലക്കര അരിനെല്ലൂർ സ്വദേശി പ്രണവ് (22) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 1ന് പുലർച്ചെയാണ് സംഭവം നടന്നത്. തഴവ കുറ്റിപ്പുറം സ്വദേശിയായ അർജുനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രണവും സംഘവും വീട്ടിലെത്തിയത്. വീടിന് കേടുപാടുകൾ വരുത്തുകയും ഗൃഹോപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. മണപ്പള്ളിയിലെ ഒരു വീട്ടിൽ നടന്ന ആക്രമണത്തിന് പിന്നിൽ അർജ്ജുനാണെന്ന മുൻവൈരാഗ്യമാണ് ഈ ആക്രമണത്തിന് കാരണം. അഞ്ച് ഇരുചക്രവാഹനങ്ങളിലായിട്ടാണ് സംഘം എത്തിയത്.

കേസിലെ മറ്റ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻതന്നെ പിടികൂടുമെന്നും കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു. കരുനാഗപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ വി.ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രണവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.