യൂത്ത് കോൺ. അദ്ധ്യക്ഷൻ : പ്രഖ്യാപനം വൈകില്ല

Sunday 07 September 2025 1:51 AM IST

തിരുവനന്തപുരം: രണ്ടാഴ്ചയിലേറെയായി സംസ്ഥാന യൂത്ത് കോൺഗ്രസ്

അദ്ധ്യക്ഷനില്ലാതെ വന്നതോടെ സുപ്രധാന വിഷയങ്ങളിൽ പോലും പ്രതികരിക്കാൻ കഴിയുന്നില്ലെന്ന് വിമർശനം ശക്തം. ഈ സാഹചര്യത്തിൽ പുതിയ അദ്ധ്യക്ഷനെ വൈകാതെ പ്രഖ്യാപിച്ചേക്കും. കുന്നംകുളം കസ്റ്റഡി മർദ്ദനത്തിൽ ശക്തമായ പ്രതിഷേധം നടത്താൻ യൂത്ത് കോൺഗ്രസിന് കഴിയാത്തത് ചർച്ചയായതോടെയാണ് പ്രഖ്യാപനം വൈകിപ്പിക്കരുതെന്ന നിർദ്ദേശം ഉയർന്നത്.

കേരളത്തിന്റെ ചുമതലയുള്ള യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ശ്രാവൺ റാവു കേരളത്തിലെ നേതാക്കളെ കണ്ട് ചർച്ചകൾ നടത്തിയിരുന്നു. പല യുവ നേതാക്കളുടയും പേരുകൾ പരിഗണനയിലായതിനാൽ സമവായത്തിലെത്താൻ കഴിഞ്ഞിട്ടില്ല. നിലവിൽ നാലു പേരുകളാണ് പരിഗണനയിലുള്ളത്.അദ്ധ്യക്ഷ സ്ഥാനം പിടിക്കാൻ സമ്മർദ്ദ തന്ത്രവുമായി മുതിർന്ന ഗ്രൂപ്പ് നേതാക്കൾ നേരിട്ടിറങ്ങിയിട്ടുണ്ട്. അബിൻ വർക്കി, കെ.എം.അഭിജിത്ത്, ബിനു ചുള്ളിയിൽ, ഒ.ജെ. ജനീഷ് എന്നിവരാണ് പരിഗണനയിൽ. പ്രഖ്യാപനം ഈ മാസം പത്തിന് മുൻപ് നടത്താനാണ് സാദ്ധ്യത.

കഴിഞ്ഞ സംഘടനാ തിരഞ്ഞെടുപ്പിൽ രാഹുലിനോട് പരാജയപ്പെട്ടെങ്കിലും ഏറ്റവുമധികം വോട്ടു നേടിയ വൈസ് പ്രസിഡന്റ് അബിൻ വർക്കിയെ അദ്ധ്യക്ഷനാക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ കോൺഗ്രസിന്റെയും കെ.എസ്‌.യുവിന്റെയും മഹിളാ കോൺഗ്രസിന്റെയും അദ്ധ്യക്ഷ സ്ഥാനത്ത് ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളവരായതിനാൽ സാമുദായിക സമവാക്യം മാനദണ്ഡമാക്കുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല. കെ.എസ്‌.യു മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.എം.അഭിജിത്തിനും സാദ്ധ്യത ഏറെയാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ സ്ഥാനത്തേക്ക് രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം എ ഗ്രൂപ്പ് പരിഗണിച്ചിരുന്നത് അഭിജിത്തിനെയാണ്.ദേശീയ പുന:സംഘടനയിൽ ജനറൽ സെക്രട്ടറിയായതാണ് ബിനു ചുള്ളിയിൽ . കെ.സി.വേണുഗോപാലിനൊപ്പമുള്ള ബിനു, നേരത്തെ യൂത്ത് കോൺ ഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു.