ഗാസ സിറ്റിയിൽ ആക്രമണം ശക്തം, ജനങ്ങൾക്ക് അന്ത്യശാസനം
ടെൽ അവീവ്: ഗാസയുടെ ഹൃദയ ഭാഗമായ ഗാസ സിറ്റിയിലെ ജനങ്ങൾ എത്രയും പെട്ടെന്ന് തെക്കൻ പ്രദേശങ്ങളിലേക്ക് ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ സൈന്യം. പിന്നാലെ നഗരത്തിൽ ഹമാസ് കേന്ദ്രം എന്ന് പറയപ്പെടുന്ന കെട്ടിട സമുച്ഛയം ഇസ്രയേൽ ബോംബാക്രമണത്തിൽ തകർന്നടിഞ്ഞു. എത്ര പേർ മരിച്ചെന്നത് വ്യക്തമല്ല. ഗാസ സിറ്റിയിലെ ജനങ്ങൾ ഖാൻ യൂനിസിലെ നിശ്ചിത തീരദേശ മേഖലയിലേക്ക് മാറണമെന്നും അവിടെ ഭക്ഷണം, മരുന്ന്, താമസം എന്നിവ ഉറപ്പാക്കുമെന്നും ഇസ്രയേൽ അറിയിച്ചിട്ടുണ്ട്.
ഗാസ സിറ്റിയുടെ നിയന്ത്രണം പൂർണമായും പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് ഇസ്രയേൽ. ഏതാനും ആഴ്ചകളായി അതിശക്തമായ ആക്രമണങ്ങളാണ് ഇവിടെ തുടരുന്നത്. ഹമാസിന്റെ അവസാന ശക്തി കേന്ദ്രമാണ് ഗാസ സിറ്റിയെന്ന് ഇസ്രയേൽ പറയുന്നു. നിലവിൽ നഗരത്തിന്റെ 40 ശതമാനം നിയന്ത്രണത്തിലാക്കിയെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ഗാസ മുനമ്പിന്റെ ആകെ 75 ശതമാനം ഇസ്രയേലിന്റെ നിയന്ത്രണത്തിലാണ്. ഇന്നലെ 41 പേരാണ് ഗാസയിലെ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. യുദ്ധത്തിനിടെ കൊല്ലപ്പെട്ട ആകെ പാലസ്തീനികൾ 64,360 കടന്നു.
പട്ടിണി മരണം 382
ഗാസയിൽ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 382 ആയി. ഇതിൽ 135 പേർ കുട്ടികളാണ്. 24 മണിക്കൂറിനിടെ 6 പേർ മതിയായ ഭക്ഷണം ലഭിക്കാതെ മരിച്ചു.
ഹമാസുമായി ചർച്ച: ട്രംപ്
ഗാസയിലുള്ള മുഴുവൻ ബന്ദികളുടെയും മോചനത്തിനായി അമേരിക്കൻ പ്രതിനിധികൾ ഹമാസുമായി ആഴമേറിയ ചർച്ചകൾ തുടരുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ കഠിനമായ സാഹചര്യം നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഗാസയിൽ തുടരുന്ന 50ഓളം ബന്ദികളിൽ ഏകദേശം 20 പേർ മാത്രമാണ് ജീവനോടെയുള്ളത്.