മല്യ, നീരവ് മോദി കൈമാറ്റം; യു.കെ സംഘം തിഹാർ ജയിലിൽ
ന്യൂഡൽഹി: ബാങ്കുകളെ കബളിപ്പിച്ചതിന് നിയമ നടപടി നേരിടുന്ന വ്യവസായികളായ വിജയ് മല്യയും നീരവ് മോദിയും അടക്കമുള്ള സാമ്പത്തിക കുറ്റവാളികളെ കൈമാറുന്നതിനുള്ള നടപടികൾ യു.കെ ഊർജ്ജിതമാക്കി. ഇതിന്റെ ഭാഗമായി യു.കെയിൽ നിന്നുള്ള ഒരു സംഘം ഡൽഹിയിലെ തിഹാർ ജയിൽ സന്ദർശിച്ചു. കൈമാറുന്ന കുറ്റവാളികളെ സുരക്ഷിതമായും മനുഷ്യത്വപരമായ സഹാചര്യത്തിലും താമസിപ്പിക്കുമെന്ന് യു.കെയിലെ കോടതികൾക്ക് ബോധ്യപ്പെടുന്നതിനാണ് യു.കെ പ്രോസിക്യൂഷൻ സർവീസിലെ ഉന്നത സംഘത്തിന്റെ സന്ദർശനം. സംഘം ജയിലിലെ അതീവ സുരക്ഷാ വാർഡ് സന്ദർശിക്കുകയും തടവുകാരുമായി സംസാരിക്കുകയും ചെയ്തു. ജയിലിലെ സുരക്ഷയും വിലയിരുത്തി.ഇന്ത്യയിലെ ജയിലുകളിലെ മോശം അവസ്ഥ ചൂണ്ടിക്കാട്ടി പലതവണ യു.കെയിലെ കോടതികൾ കുറ്റവാളികളെ കൈമാറാനുള്ള അപേക്ഷകൾ നിരസിച്ചിട്ടുണ്ട്. ഇന്ത്യൻ ജയിലുകളിലെ അവസ്ഥ മോശമാണെന്നും അവിടെ തനിക്ക് പ്രയാസം നേരിടാൻ സാദ്ധ്യതയുണ്ടെന്നും വിജയ് മല്യ യു.കെയിലെ കോടതിയെ അറിയിച്ചിരുന്നു.