അഫ്ഗാൻ ഭൂകമ്പം: മരണം 2,200 കടന്നു

Sunday 07 September 2025 6:52 AM IST

കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,200 കടന്നു. 3,600ലേറെ പേർക്ക് പരിക്കേറ്റു. 3,000ത്തോളം പേർ മരിച്ചെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് വടക്കു കിഴക്കൻ അഫ്ഗാനിലെ നംഗർഹാർ,​ കുനാർ പ്രവിശ്യകളിൽ ​​ 6.0 റി​ക്ട​ർ​ ​സ്കെ​യി​ൽ തീ​വ്ര​തയിൽ​ ഭൂകമ്പമുണ്ടായത്. വ്യാഴാഴ്ച മേഖലയിൽ 6.2 റിക്ടർ സ്കെയിൽ തീവ്രതയിലെ ഒരു തുടർ ചലനവുമുണ്ടായി. ദുരന്തബാധിത മേഖലകളിലെ സാഹചര്യം ഗുരുതരമാണെന്നും പരിക്കേറ്റവർക്ക് മതിയായ ഭക്ഷണമോ മരുന്നോ അഭയമോ ലഭിക്കുന്നില്ലെന്നും യു.എൻ അടക്കമുള്ള ഏജൻസികൾ ചൂണ്ടിക്കാട്ടി.

അതേ സമയം, കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ കുടുങ്ങിയ സ്ത്രീകളെ രക്ഷിക്കാൻ പുരുഷ രക്ഷാപ്രവർത്തകർ തയ്യാറാകുന്നില്ലെന്ന് ഒരു വിദേശ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. അടുത്ത ബന്ധുക്കളല്ലാത്ത പുരുഷൻമാരുമായി സ്ത്രീകൾക്ക് സമ്പർക്കം പാടില്ലെന്ന നിയമം നിലനിൽക്കുന്നതിനാലാണ് ഇതെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചു. സ്ത്രീകൾക്ക് മതിയായ ചികിത്സ നൽകുന്നില്ലെന്നും പറയപ്പെടുന്നു.