തലസ്ഥാന നഗരിയിൽ   അച്ഛൻ  മകനെ  വെട്ടിക്കൊന്നു, മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ

Sunday 07 September 2025 11:28 AM IST

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു. കാര്യവട്ടം ഉള്ളൂർ കോണം പുത്തൻ വീട്ടിൽ ഉല്ലാസ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഇരുവരും മദ്യലഹരിയിലായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം. പിതാവ് ഉണ്ണികൃഷ്ണനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഉണ്ണികൃഷ്ണൻ തന്നെയാണ് കൊലപാതക വിവരം പുറംലോകത്തെ അറിയിച്ചത്.

ആദ്യം ഭാര്യ ഉഷയോടാണ് ഇയാൾ വിവരം അറിയിച്ചത്. ഇതിനെത്തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉല്ലാസിന്റെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിലായിരുന്നു പൊലീസ് കണ്ടെത്തിയത്. മദ്യലഹരിയിൽ ഉണ്ടായ അടിപിടിയാണ് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. പോത്തൻകോട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.