കോട്ടയത്ത് ഭാര്യയെയും  ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ്; പ്രതിക്കായി തെരച്ചിൽ

Sunday 07 September 2025 3:33 PM IST

കോട്ടയം: ഭാര്യയെയും ഭാര്യാമാതാവിനെയും ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് ഓടിരക്ഷപ്പെട്ടു. കോട്ടയം മുണ്ടക്കയം പുഞ്ചവയലിലാണ് സംഭവം നടന്നത്. പുഞ്ചവയൽ ചേരുതോട്ടിൽ ബീന (65), മകൾ സൗമ്യ എന്നിവർക്കാണ് വെട്ടേറ്റത്. സൗമ്യയുടെ ഭർത്താവ് പ്രദീപാണ് ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇന്ന് രാവിലെ 11.50നായിരുന്നു സംഭവം.

കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഏറെ നാളായി സൗമ്യയുമായി അകന്നുകഴിയുകയായിരുന്നു പ്രദീപ്. തുടർന്ന് ഇന്ന് സൗമ്യയും ബീനയും താമസിച്ചിരുന്ന വാടകവീട്ടിൽ ഇയാൽ എത്തി ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോൾ പ്രദീപ് ഓടിരക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സൗമ്യയെയും ബീനയെയും നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.