പാകിസ്ഥാനിൽ ക്രിക്കറ്റ് മത്സരത്തിനിടെ സ്ഫോടനം, ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർ‌ക്ക് പരിക്ക്

Sunday 07 September 2025 4:29 PM IST

കറാച്ചി: പാകിസ്ഥാനിലെ ഖൈബർ പഖ്തുൺഖ്വായിൽ ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ബജൗർ ജില്ലയിലെ കൗസർ ക്രിക്കറ്റ് ഗ്രൗണ്ടിൽ ശനിയാഴ്ച നടന്ന ക്രിക്കറ്റ് മത്സരത്തിനിടെയാണ് സംഭവം. സ്ഫോടക വസ്തു ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മേഖലയിൽ അടുത്തിടെയുണ്ടായ സംഘർഷങ്ങൾക്ക് പിന്നാലെയായിരുന്നു സംഭവം. രാജ്യത്തെ തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ പാക് സൈന്യം നടപടിയെടുത്തിരിക്കുന്ന സമയത്താണ് സ്ഫോടനം നടന്നത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ലെങ്കിലും, കഴിഞ്ഞ മാസം സുരക്ഷാ സേന ആരംഭിച്ച ഓപ്പറേഷൻ സർബകാഫിനെതിരെയാണ് സ്ഫോടനം നടത്തിയതെന്നും തീവ്രവാദികളാണ് ഇതിന് പിന്നിലെന്നും അധികൃതർ ആരോപിച്ചു. കഴിഞ്ഞ ശനിയാഴ്ച ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളുടെ തുടർച്ചയാണ് സംഭവമെന്നാണ് റിപ്പോർട്ടുകൾ. കൊഹാത് ജില്ലയിലെ ലാച്ചി പൊലീസ് സ്റ്റേഷൻ പരിധിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടിരുന്നു.