രാംചരണിന്റെ പെദ്ധിയിൽ ആയിരത്തിലധികം നർത്തകർ
രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ 'പെദ്ധി' യിലെ വമ്പൻ ഗാനത്തിന്റെ ചിത്രീകരണം മൈസൂരിൽ ആരംഭിച്ചു. ജാനി മാസ്റ്റർ നൃത്തസംവിധാനം നിർവഹിക്കുന്ന ഗാനത്തിൽ ആയിരത്തിലധികം നർത്തകരാണ് പങ്കെടുക്കുന്നത്. എ. ആർ. റഹ്മാൻ സംഗീതം നൽകിയതാണ് ഗാനം. രാം ചരണിനെ അവതരിപ്പിക്കുന്ന മാസ് ഗാനമായാണ് ഒരുക്കുന്നതെന്ന് അണിയറ പ്രവർത്തകർ. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, രാം ചരണിന്റെ ജന്മദിനമായ മാർച്ച് 27 നാണ്. ജാൻവി കപൂർ നായിക വേഷം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിന്രെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ചിത്രത്തിന്റെ ഭാഗമാണ്.രാം ചരൺ - ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.