8 വർഷമായിട്ടും പൂർത്തിയാകാതെ ആറ്റിങ്ങൽ മുനിസിപ്പൽ ടൗൺ ഹാൾ നവീകരണം

Monday 08 September 2025 2:18 AM IST

ആറ്റിങ്ങൽ: മുൻസിപ്പൽ ടൗൺ ഹാൾ നവീകരണം 8 വർഷം കഴിഞ്ഞിട്ടും പാതിവഴിയിൽ. ആറ്റിങ്ങൽ നഗരത്തിന്റെ അഭിമാനമായി മാറ്റിയെടുക്കാനുദ്ദേശിച്ചാണ് നഗരസഭയുടെ നേതൃത്വത്തിൽ ഹാൾ നവീകരണത്തിന് തുടക്കമിട്ടത്.ദേശീയപാതയിൽ കച്ചേരിനടയ്ക്കും സി.എസ്.ഐ ജംഗ്ഷനും ഇടയ്ക്കാണ് ടൗൺ ഹാൾ സ്ഥിതി ചെയ്യുന്നത്.കുറഞ്ഞ വാടകയ്ക്കാണ് ഹാൾ നൽകിയിരുന്നത്.

വിവാഹത്തിന് പുറമെ,നഗരം കേന്ദ്രീകരിച്ച് നടക്കുന്ന വിവിധ കലാസാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ പരിപാടികളുടെ കേന്ദ്രവും ഇവിടെയായിരുന്നു.

നവീകരണത്തിനായി നഗരസഭാ കാര്യാലയത്തിന്റെ ആധാരം പണയപ്പെടുത്തി,ആറ്റിങ്ങൽ ടൗൺ സർവീസ് സഹകരണബാങ്കിൽ നിന്ന് രണ്ട് കോടി രൂപ വായ്പയെടുത്തിരുന്നു. നവീകരണത്തിന് അനുമതി ലഭിച്ചതോടെ കെ.എസ്.ഇ.ബിയുടെ നിർമ്മാണ വിഭാഗത്തിന് കരാറും നൽകി.

എന്നാൽ നിയമ തടസങ്ങളുൾപ്പെടെ ആദ്യഘട്ട നിർമ്മാണത്തെ പ്രതിസന്ധിയിലാക്കി. തടസങ്ങൾ നീങ്ങി നവീകരണം വീണ്ടും തുടങ്ങിയെങ്കിലും,സ്വകാര്യ വ്യക്തിയുടെ കേസ്,ലോക്ക് ഡൗൺ ഉൾപ്പെടെയുള്ളവ വീണ്ടും പണി മുടക്കി.

നവീകരണം ആരംഭിച്ചത് - 2017ൽ

പദ്ധതിച്ചെലവ് പ്രതീക്ഷിച്ചത് - 4.5 കോടി

നിർമ്മാണക്കരാർ - കെ.എസ്.ഇ.ബിക്ക്

ഒരുക്കുന്ന സൗകര്യങ്ങൾ

1) 900 പേർക്ക് ഇരിക്കാവുന്ന ശീതീകരിച്ച ഹാൾ

2) പഴയ പ്രധാനഹാൾ 450 പേർക്ക് ഇരിക്കാവുന്ന ഭക്ഷണശാലയാക്കും

3) പ്രധാന ഹാളിന് പിന്നിലുണ്ടായിരുന്ന ഭാഗം സസ്യാഹാര ശാലയാക്കും.അതിനുപിന്നിൽ അടുക്കള

4) പഴയ ഹാളിന് മുകളിലാണ് പുതിയ ശീതീകരിച്ച ഹാളൊരുക്കുന്നത്.ഇതിനോടനുബന്ധിച്ച മറ്റെല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒന്നാം നിലയിലുണ്ടാകും

5) ഒന്നാംനിലയിൽ നിന്ന് ഭക്ഷണശാലയിലേക്കും പാർക്കിംഗ് മേഖലയിലേക്കും പോകുന്നതിന് പടിക്കെട്ടുകൾ.ഒന്നാം നിലയിലേക്ക് റാമ്പും.

കടം കേറി

ഒന്നാംഘട്ടത്തിൽ ലഭിച്ച രണ്ട് കോടിക്ക് പുറമെ നഗരസഭയുടെ പ്ലാനിംഗ് ഫണ്ടുകൾ വഴി മാറ്റി ടൗൺഹാൾ വികസനത്തിന് ചെലവഴിച്ചു.തുടർന്ന് ലോണെടുക്കാനുള്ള നഗരസഭയുടെ നീക്കം സർക്കാർ തടഞ്ഞതോടെ നവീകരണം പാതിവഴിയിലുമായി.സഹകരണ ബാങ്കിന് ഇൻസ്റ്റാൾമെന്റും പലിശയും മുടങ്ങി.അടുത്തിടെ നവീകരിച്ച വൈദ്യുതി ലൈനുകൾ നശിപ്പിച്ചനിലയിൽ കണ്ടെത്തിയതോടെ അറ്റകുറ്റപ്പണികൾക്ക് വീണ്ടും ലക്ഷങ്ങളുടെ ബാദ്ധ്യതയായി.

വരുമാനവും നിലച്ചു

മുൻകാലങ്ങളിൽ നഗരസഭയുടെ പ്രതിവർഷ വരുമാനം 25 മുതൽ 30 ലക്ഷം വരെയായിരുന്നു.കഴിഞ്ഞ 8 വർഷം ടൗൺഹാൾ അടഞ്ഞുകിടന്നതോടെ നഗരസഭയ്ക്ക് രണ്ട് കോടിയിലധികം രൂപയുടെ വരുമാന നഷ്ടവുമുണ്ടായി.