തിരിച്ചു വരവിന് ഒരുങ്ങി രാധ

Monday 08 September 2025 2:20 AM IST

തെന്നിന്ത്യയുടെ താരറാണിയായി ഒരുകാലത്ത് തിളങ്ങി നിന്ന രാധ തിരിച്ചു വരവിനൊരുങ്ങുന്നു.ശക്തമായ കഥാപാത്രങ്ങൾ ലഭിച്ചാൽ സിനിമകളിലഭിനയിക്കാമെന്ന തീരുമാനത്തിലാണ്. 1980 ൽ അലൈകൾ ഓയ് വതില്ലെ എന്ന തമിഴ് ചിത്രത്തിലൂടെ രാധയെ അഭിനയ രംഗത്ത് അവതരിപ്പിച്ചത് ഭാരതിരാജയാണ്. കാർത്തിക് ആയിരുന്നു നായകൻ. പിന്നീട് രാധ രജനികാന്തിന്റെയും കമലഹാസന്റെയും വിജയകാന്തിന്റെയും സത്യരാജിന്റെയും പ്രഭുവിന്റെയും മോഹന്റെയുമൊക്കെ നായികയായി. ഭാരതി രാജയുടെ തന്നെ മുതൽ മര്യാദൈ രാധയെന്ന അഭിനേത്രിയെ അടയാളപ്പെടുത്തിയ ചിത്രമായിരുന്നു. നടികർ തിലകം ശിവാജി ഗണേശനായിരുന്നു നായകൻ. തെലുങ്കിൽ മെഗാസ്റ്റാർ ചിരഞ്ജീവിയോടൊപ്പം 16 ചിത്രങ്ങളിലാണ് രാധ അഭിനയിച്ചത്; ഇവരൊരുമിച്ചുള്ള നൃത്ത ഗാന രംഗങ്ങൾക്ക് യൂ ട്യൂബിൽ ഇന്നും ആരാധകരേറെയാണ്. കന്നഡയിൽ സൂപ്പർ താരം വിഷ്ണുവർദ്ധനു ൾപ്പടെയുള്ള നായകന്മാർക്കൊപ്പവും അഭിനയിച്ചു. മലയാളത്തിൽ ഇരകൾ, അയിത്തം, രേവതിക്കൊരു പാവക്കുട്ടി, ഇന്നത്തെ പ്രോഗ്രാം എന്നീ നാല് ചിത്രങ്ങളിലേ രാധ അഭിനയിച്ചിട്ടുള്ളൂ. മോഹൻലാൽ നായകനായ അയിത്തം നിർമ്മിച്ചത് എ.ആർ.എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാധയും സഹോദരിയും അഭിനേത്രിയുമായ അംബികയും അമ്മ കല്ലറ സരസമ്മയും ചേർന്നാണ്. 1991 ൽ വ്യവസായിയായ രാജശേഖരൻ നായരെ വിവാഹം കഴിച്ചതിന് ശേഷമാണ് രാധ അഭിനയ രംഗത്ത് നിന്ന് വിട്ടുനിന്നത്. ഉദയ് സമുദ്ര ഹോട്ടൽ ശൃംഖലകളും കൺവെൻഷൻ സെന്ററുകളും ഉൾപ്പടെ നിരവധി സ്ഥാപനങ്ങൾ ഇവരുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു . ഇപ്പോൾ തെലുങ്കിലും തമിഴിലും റിയാലിറ്റി ഷോയുടെ വിധികർത്താവായി രാധ തിളങ്ങുന്നു. മക്കളായ കാർത്തിക നായരും തുളസി നായരും അഭിനേതാക്കളാണ്.