ഹിറ്റായി നടപ്പാലം; ആശ്വാസ തുരുത്തിലേറി നെഹ്റുട്രോഫി നിവാസികൾ
ആലപ്പുഴ: ഉദ്ഘാടനം നടന്ന് ഒരാഴ്ച്ച പിന്നിടുമ്പോഴേക്കും അറുന്നൂറിലധികം കുടുംബങ്ങൾക്ക് ആശ്വാസമാവുകയാണ് പുന്നട സ്റ്റാർട്ടിംഗ് പോയിന്റിൽ പുന്നമട കായലിനു കുറുകെ ആലപ്പുഴ നഗരസഭ നിർമ്മിച്ച ആധുനിക നടപ്പാലം. കേവലം നടപ്പാലം എന്നതിന് പുറമേ, നിർമ്മാണത്തിലെ വ്യത്യസ്തത കൊണ്ട് യുവാക്കൾക്ക് സെൽഫി പോയിന്റ് കൂടിയാവുകയാണ് പാലം. വെള്ളത്താൽ ചുറ്റപ്പെട്ട നെഹ്റുട്രോഫി തുരുത്തിൽ നൂറ്റാണ്ടുകളായി കടത്തു വള്ളം മാത്രം ആശ്രയിച്ചായിരുന്നു 625 കുടുംബങ്ങളുടെ ജീവിതം.
നഗരസഭ അമൃത് പദ്ധതിയിൽ അർബൻ ട്രാൻസ്പോർട്ട് സെക്ടറിൽ 3.5 കോടി രൂപ ചെലവിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. ഇതിൽ 2.04 കോടി രൂപ സംസ്ഥാന സർക്കാരും നഗരസഭയും ചേർന്നാണ് വഹിച്ചത്. 1.46 കോടിയാണ് കേന്ദ്രവിഹിതം.തുരുത്തിലെ മൂവായിരത്തോളം പേർ കാലാകാലങ്ങളായി ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കളക്ടറേറ്റ്, നഗരസഭ, തൊഴിലിടങ്ങൾ, കോടതി തുടങ്ങീ എവിടെ പോകണമെങ്കിലും കടത്തു വള്ളങ്ങളെ മാത്രമാണ് ആശ്രയിച്ചിരുന്നത്. പുന്നമടയിൽ നിർമ്മാണം പുരോഗമിക്കുന്ന വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന പാലം പണി പൂർത്തിയാകുന്നതോടെ നെഹ്റുട്രോഫി വാർഡിലെ ദുരിത ജീവിതത്തിന് പൂർണ്ണ വിരാമമാകുമെന്നാണ് പ്രതീക്ഷ.
...............
പാലം : 6 മീറ്റർ ഉയരം
ആകെ ചെലവ്; 3.5 കോടി രൂപ
.............
''പാലം വന്നതോടെ നാടിനാകെ പുത്തൻ ഉണർവാണ്. വളരെ വേഗത്തിൽ നഗരത്തിലേക്കെത്താൻ സാധിക്കുന്നു. വാഹനങ്ങൾ കയറുന്ന പാലം കൂടി പൂർത്തിയാകുന്നതോടെ ഞങ്ങളുടെ വലിയ ദുരുതിത്തിന് പരിഹാരമാകും
- പ്രദേശവാസികൾ