ആരാധകർക്ക് സന്തോഷ വാർത്ത,​ 46 വർഷങ്ങൾക്ക് ശേഷം കമലും രജനിയും ഒന്നിക്കുന്നു; വെളിപ്പെടുത്തി നടൻ

Sunday 07 September 2025 8:38 PM IST

സൂപ്പർ താരങ്ങളായ കമൽഹാസനും രജനികാന്തും വീണ്ടും ഒന്നിക്കുന്നുവെന്ന തരത്തിൽ നിരവധി വാർത്തകൾ അടുത്തിടെ വന്നിരുന്നു. ഇപ്പോഴിതാ അത് സ്ഥിരീകരിച്ചിരിക്കുകയാണ് കമൽഹാസൻ. ഇരുവരും ഒരുമിച്ച് അഭിനയിക്കുമെന്നാണ് കമൽ ഇപ്പോൾ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇവരുവരും ഒന്നിക്കുന്നതെന്നാണ് സൂചന.

ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. കമൽഹാസന്റെ നിർമാണ കമ്പനിയായ രാജ് കമൽ ഫിലിംസ് ആയിരിക്കും ചിത്രം നിർമിക്കുന്നതെന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ ആഴ്ച പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ഇക്കാര്യത്തെക്കുറിച്ച് കമൽ തന്നെ ഒരു പരസ്യപ്രതികരണം നടത്തുന്നത്.

പുറത്തുവരുന്ന റിപ്പോർട്ട് ശരിയാണെങ്കിൽ 46 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിച്ച് സ്ക്രീനിലെത്തുന്നത്. ഒരു ഗ്യാങ്സ്റ്റാർ ആക്ഷൻ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ട്. 1975ൽ ബാലചന്ദർ സംവിധാനം ചെയ്ത 'അപൂർവ രാഗങ്ങൾ' എന്ന ചിത്രത്തിൽ കമലിന്റെ വില്ലനായാണ് രജനി ആദ്യം പ്രത്യക്ഷപ്പെട്ടത്. 1979ലായിരുന്നു ഇരുവരും അവസാനമായി ഒന്നിച്ച് ബിഗ് സ്ക്രീനിൽ എത്തിയത്. 'അലാവുദ്ദീനും അത്ഭുതവിളക്കും' എന്ന ചിത്രത്തിലായിരുന്നു അത്.

അതേസമയം, രജനികാന്തിനൊപ്പവും കമൽഹാസനൊപ്പവും സിനിമ ചെയ്തിട്ടുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. രജനികാന്തിനെ നായകനാക്കി കൂലിയും കമൽഹാസനെ നായകനാക്കി വിക്രം എന്ന സിനിമയുമാണ് ലോകേഷ് ഒരുക്കിയത്. രണ്ട് ചിത്രങ്ങളും ബോക്സോഫീസിൽ വൻ വിജയമായി മാറിയിരുന്നു. കൂലിയാണ് ലോകേഷിന്റെ ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം.