വെറുപ്പോ വിദ്വേഷമോ വിരോധമോ ഇല്ല; കെ സുധാകരന് മറുപടിയുമായി പ്രതിപക്ഷ നേതാവ്

Sunday 07 September 2025 8:52 PM IST

കൊച്ചി: മുഖ്യമന്ത്രിക്ക് ഒപ്പമിരുന്ന് ഓണസദ്യ കഴിച്ചതിന് വിമര്‍ശനം ഉന്നയിച്ച കെ സുധാകരന് വി ഡി സതീശന്റെ മറുപടി. താന്‍ വിമര്‍ശനത്തിന് അതീതനല്ലെന്നും മുതിര്‍ന്ന നേതാക്കള്‍ക്ക് മുതല്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് വരെ തന്നെ വിമര്‍ശിക്കാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെ സുധാകരന്‍ മുതിര്‍ന്ന് നേതാവും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമാണ്. അദ്ദേഹം പറഞ്ഞതിനോട് വെറുപ്പോ വിദ്വേഷമോ വിരോധമോയില്ല- പ്രതിപക്ഷ നേതാവ് പറഞ്ഞു.

'അവര്‍ക്ക് എന്നെ വിമര്‍ശിക്കാനുള്ള പൂര്‍ണമായ സ്വാതന്ത്ര്യമുണ്ട്. പിന്നെ എവിടെ പറയണം, എങ്ങനെ പറയണം എന്നത് ഓരോരുത്തരും തീരുമാനിക്കേണ്ടതാണ്. എനിക്ക് പരാതിയില്ല.' സതീശന്‍ കൂട്ടിച്ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് നേതാവിന് മര്‍ദ്ദനമേറ്റതിന്റെ വീഡിയോ പുറത്ത് വന്ന ദിവസം പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് ഒപ്പമിരുന്ന സദ്യ കഴിച്ചതില്‍ ഔചിത്യക്കുറവുണ്ടെന്നാണ് കെ സുധാകരന്‍ പറഞ്ഞത്. താനായിരുന്നു സതീശന്റെ സ്ഥാനത്തെങ്കില്‍ അത് ചെയ്യില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ പാര്‍ട്ടി കൂട്ടായി ആലോചിച്ച് ഉത്തമ ബോധ്യത്തോടെയാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ ഉത്തരവാദിത്തവും താന്‍ ഏറ്റെടുക്കുകയാണെന്നും സതീശന്‍ പറഞ്ഞു. പാലക്കാട് എംഎല്‍എയ്ക്ക് എതിരായ പാര്‍ട്ടി നടപടിയില്‍ വനിതാ നേതാക്കള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുന്നുണ്ടല്ലോയെന്ന മാദ്ധ്യപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായെടുത്ത തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.