കുമരകം ശ്രീനാരായണ ജയന്തി മത്സര വള്ളംകളി : തുരുത്തിത്തറ ജേതാക്കൾ

Monday 08 September 2025 1:10 AM IST

കുമരകം : ചതയ ദിനത്തോടനുബന്ധിച്ച് കുമരകം കോട്ടത്തോട്ടിൽനടന്ന ശ്രീനാരായണ ജയന്തി മത്സര വള്ളംകളിയിൽ ഇരുട്ടുകുത്തി ഒന്നാം ഗ്രേഡ് വിഭാഗത്തിൽ മാളവിക സനീഷ് ക്യാപ്ടനായ കുമരകം സൗത്ത് ബോട്ട് ക്ലബിന്റെ തുരുത്തിത്തറ ജേതാക്കളായി. യുവശക്തി ബോട്ട് ക്ലബിന്റെ പി.ജി. കർണ്ണൻ രണ്ടാം സ്ഥാനം നേടി. രണ്ടാം തരം ഇരുട്ടുകുത്തി വിഭാഗം ഫൈനലിൽ എബിസി അറുപറയുടെ ശ്രിഗുരുവായൂരപ്പൻ വിജയിച്ചു. ഒന്നാം തരം ചുരുളൻ വിഭാഗത്തിൽ കവണാർ സിറ്റി ടീം തുഴഞ്ഞ കോടിമത വിജയിച്ചു. ചുരുളൻ രണ്ടാം ഗ്രേഡ് ഫൈനലിൽ ആർപ്പൂക്കര ബോട്ട് ക്ലബിന്റെ തോട്ടിൽ വള്ളം വിജയിച്ചു.

ഉച്ചകഴിഞ്ഞ് രണ്ടിന് ശ്രീകുമാരമംഗലം ക്ഷേത്രക്കടവിൽ നിന്ന് എസ്.കെ.എം ദേവസ്വത്തിന്റെയും അംഗ ശാഖകളുടേയും ആഭിമുഖ്യത്തിൽ വർണ്ണശബളമായ ജലഘോഷയാത്ര ആരംഭിച്ചു. മന്ത്രി വി.എൻ വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് അഡ്വ.വി.പി.അശോകൻ അദ്ധ്യക്ഷത വഹിച്ചു. കെ.ഫ്രാൻസിസ് ജോർജ് എം.പി, ജില്ലാ പഞ്ചായത്തഗം കെ.വി.ബിന്ദു, പഞ്ചായത്ത് പ്രസിഡന്റ് ധന്യാസാബു ,അഡ്വ.വി.ബി.ബിനു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർഷാ ബൈജു, എസ്.കെ എം ദേവസ്വം പ്രസിഡന്റ് എ.കെ.ജയപ്രകാശ് , സെക്രട്ടറി ആനന്ദക്കുട്ടൻ കരിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. എസ്. ഡി.പ്രേംജി സ്വാഗതവും, എസ്.വി. സുരേഷ് കുമാർ നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം കെ.വി.ബിന്ദു സമ്മാനദാനം നിർവഹിച്ചു.