മൂത്തോന് പിറന്നാൾ ആശംസകൾ, ലോകയിലെ ആ സർപ്രൈസ് വെളിപ്പെടുത്തി ദുൽഖർ

Sunday 07 September 2025 9:36 PM IST

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനമായിരുന്നു ഇന്ന്. 74ാം പിറന്നാൾ ദിനത്തിൽ സഹപ്രവർത്തകരടക്കം നിരവധി പേരാണ് മമ്മൂട്ടിക്ക് ആശംസ നേർന്നത്. ഇതിനിടെ പിറന്നാൾ ദിനത്തിൽ ദുൽഖർ സൽമാനും വേഫറർ ഫിലിംസും പങ്കുവച്ച പോസ്റ്റർ ആണ് ചർച്ചയാകുന്നത്. മൂത്തോന് പിറന്നാൾ ആശംസകൾ എന്ന് എഴുതിയ പോസ്റ്റാണ് ചർച്ചയാകുന്നത്. 'ലോക' സിനിമയിലെ മൂത്തോൻ മമ്മൂട്ടി തന്നെയാണെന്ന് സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്,​

സിനിമയിൽ ഒരേയൊരു ഡയലോഗ് മാത്രമുണ്ടായിരുന്ന കാമിയോ റോൾ ആയിരുന്നു മൂത്തോന്റേത്. കഥാപാത്രത്തിന്റെ കൈ മാത്രമാണ് സിനിമയിൽ കാണിച്ചത്. കൈയും ശബ്ദവും നിരീക്ഷിച്ച് കഥാപാത്രം അവതരിപ്പിക്കുന്നത് മമ്മൂട്ടിയാവാമെന്ന് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതിനാണ് ഇപ്പോൾ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.

നേരത്തെ മൂത്തോന് ആശംസകൾ എന്ന് ശ്വേത മേനോനും കുറിച്ചിരുന്നു. എന്നാൽ മൂത്ത ജ്യേഷ്ഠൻ എന്ന രീതിയിലാണ് അത് വ്യാഖ്യാനിക്കപ്പെട്ടത് .

കഴിഞ്ഞ ഏഴുമാസത്തോളമായി ചികിത്സയും വിശ്രമവുമായി കഴിയുകയായിരുന്നു താരം. പിറന്നാൾ ദിനം പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ താരത്തിന്റെ ചെന്നൈയിലെ വീടിന് മുന്നിൽ ആരാധകർ എത്തിയപ്പോൾ അവരെ നിരാശപ്പെടുത്താതെ ഫോണിൽ നന്ദി അറിയിക്കുകയായിരുന്നു മമ്മൂട്ടി.