സി.പി.ഐ സംസ്ഥാന സമ്മേളനം; ഇന്ന് തിരുവാതിരയും വടംവലിയും
ആലപ്പുഴ: സി.പി.ഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കാനം രാജേന്ദ്രൻ മെമ്മോറിയൽ ഓൾ കേരള ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ഭാവന ആലപ്പുഴ ജേതാക്കളായി. ടീം ആർഷ് ആലപ്പുഴ രണ്ടാം സ്ഥാനത്തെത്തി. പാതിരപ്പള്ളി ഉദയാ ഗ്രൗണ്ടിൽ രാവിലെ എട്ടിന് ആരംഭിച്ച മത്സരം ലാൻഡ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാൻ പി.വി.സത്യനേശൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ജനറൽ കൺവീനർ ടി.ജെ ആഞ്ചലോസ്, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി സനുപ് കുഞ്ഞുമോൻ, സി.പി.ഐ ആലപ്പുഴ മണ്ഡലം സെക്രട്ടറി ആർ. ജയസിംഹൻ, സ്പോർ ട്സ് സംഘാടക സമിതി ചെയർമാൻ ഉണ്ണിശിവരാജൻ തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിലെ പ്രധാനപ്പെട്ട പത്ത് ടീമുകളാണ് മത്സരിച്ചത്. വിജയികൾക്കുള്ള സമ്മാനങ്ങൾ 11 ന് വൈകിട്ട് 5.30 ന് അതുൽകുമാർ അഞ്ജാൻ നഗറിൽ (ആലപ്പുഴ ബീച്ചിൽ) നടക്കുന്ന പ്രതിഭാസംഗമത്തിൽ വിതരണം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി സി.കെ.ചന്ദ്രപ്പൻ മെമ്മോറിയൽ അഖില കേരള വടം വലി മത്സരം ഇന്ന് വൈകിട്ട് നാലിന് വയലാർ കൊല്ലപ്പള്ളി ക്ഷേത്ര മൈതാനത്ത് നടക്കും. വൈകിട്ട് 5ന് ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിന് സമീപം കേരള മഹിളാ സംഘത്തിന്റെ നേതൃത്വത്തില്‍ മെഗാ തിരുവാതിര അവതരിപ്പിക്കും. മന്ത്രി ജെ. ചിഞ്ചുറാണി മെഗാ തിരുവാതിരയുടെ ഉദ്ഘാടനം നിർവ്വഹിക്കും. വൈകിട്ട് 4ന് നാടകത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. വി കെ.ശ്രീരാമൻ ഉദ്‌ഘാടനം ചെയ്യും. 7ന് റിയൽ വ്യൂ ക്രിയേഷൻസ് അവതരിപ്പിക്കുന്ന തോപ്പില്‍ ഭാസിയുടെ ഷെൽട്ടർ നാടകം നടക്കും.