നെഹ്റുട്രോഫി വള്ളം കളി: ഓണം കഴിഞ്ഞിട്ടും അന്തിമവിധി കാത്ത്
ആലപ്പുഴ: സ്റ്റാർട്ടിംഗും ഫിനിഷിംഗും സംബന്ധിച്ച് യാതൊരു തർക്കവും ഉയരാതിരുന്നിട്ടും ഇത്തവണത്തെ നെഹ്റുട്രോഫി വിധി പ്രഖ്യാപനത്തിലെ അനിശ്ചിചത്വം ഇനിയും ഒഴിഞ്ഞിട്ടില്ല. ഫൈനൽ മത്സരത്തിലെ ഒന്നാം സ്ഥാനം ഒഴികെയുള്ളവ ഇനിയും പ്രഖ്യാപിച്ചിട്ടുമില്ല. മത്സരത്തിന് തൊട്ടുപിന്നാലെയാണ് ഓണ അവധി ആരംഭിച്ചത്. ആഘോഷങ്ങൾ അവസാനിച്ച് ഇന്ന് മുതൽ ഓഫീസുകളും ജീവനക്കാരും ട്രാക്കിലേക്ക് മടങ്ങിയെത്തുന്നതോടെ അപ്പീൽ കമ്മിറ്റി യോഗം ചേരുമെന്ന പ്രതീക്ഷയിലാണ് വള്ളംകളിപ്രേമികൾ. ആദ്യ ഹീറ്റ്സ് മുതൽ രേഖാമൂലവും അല്ലാതെയും പരാതികളുണ്ട്.ഇവ ജൂറി ഒഫ് അപ്പീലിന്റെ പരിഗണനയിലാണ്. ജൂറി ചേർന്ന് തെളിവെടുപ്പും അന്വേഷണവും പൂർത്തിയാക്കി വേണം ഫലം പ്രഖ്യാപിക്കാൻ. ഇത് ബോണസ് വൈകാൻ കാരണമാകും. അതിനാൽ പരാതികളില്ലാത്ത വള്ളങ്ങൾക്ക് ബോണസ് നൽകി വിടാനാണ് സംഘാടകരുടെ ആലോചന. സ്പോൺസർഷിപ്പ് വരുമാനം ലഭിച്ചതിനാൽ മത്സരത്തിന് തൊട്ടുപിന്നാലെ ബോണസ് വിതരണം നടത്താനാണ് പദ്ധതിയിട്ടിരുന്നത്. പരാതികൾ ഉയർന്നതോടെ ബോണസ് വിതരണവും അവതാളത്തിലായി.അമ്പയർ, നിരീക്ഷകർ എന്നിവരുടെ റിപ്പോർട്ട് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ബോണസ് വിതരണത്തിൽ തീരുമാനമെടുക്കാൻ കഴിയൂ.
ചട്ടം ലംഘനം പരിശോധിക്കും
1.എ.ഡി.എം, ജില്ല ഗവ. പ്ലീഡർ, ജില്ലാ ലോ ഓഫീസർ, എൻ.ടി.ബി.ആർ എക്സിക്യുട്ടീവ് അംഗങ്ങളായ സി.കെ.സദാശിവൻ, ആർ.കെ.കുറുപ്പ് എന്നിവർ അടങ്ങുന്നതാണ് ജൂറി ഒഫ് അപ്പീൽ
2.രണ്ട് മുതൽ നാല് വരെ സ്ഥാനങ്ങളിലെത്തിയ വള്ളങ്ങൾ ചട്ടലംഘനം നടത്തിയോ എന്നാണ് ജൂറി ഒഫ് അപ്പീൽ പ്രധാനമായും പരിശോധിക്കുക. ഇത് കണ്ടെത്തിയാൽ പിന്നാലെയുള്ള വള്ളങ്ങൾക്ക് സ്ഥാനക്കയറ്റം നൽകും
3.ആദ്യ ഒമ്പത് സ്ഥാനത്തെത്തുന്ന വള്ളങ്ങൾക്കാണ് ചാമ്പ്യൻസ് ബോട്ട് ലീഗിൽ മത്സരിക്കാൻ അവസരം ലഭിക്കുക.സ്ഥാനങ്ങൾ മാറിമറിഞ്ഞാൽ പ്രമുഖ ക്ലബുകൾ പോലും സി.ബി.എല്ലിൽ നിന്ന് അയോഗ്യരാകുമോ എന്ന ആശങ്കയുണ്ട്