നെഹ്‌റുവിന്റെ ആദ്യ ഔദ്യോഗിക വസതി വിൽക്കുന്നു, വില 1100 കോടി

Monday 08 September 2025 5:42 AM IST

രാജ്യത്തെ ഏറ്റവും വലിയ വസ്‌തു കച്ചവടം വാങ്ങുന്നത് ഇന്ത്യൻ മദ്യ വ്യവസായി

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായശേഷം താമസിച്ച ആദ്യ ഔദ്യോഗിക വസതി 1100 കോടി രൂപയ്ക്ക് വിൽക്കുന്നു. രാജസ്ഥാനിലെ രാജകുടുംബാംഗങ്ങളായ രാജ് കുമാരി കക്കറിന്റെയും ബീനാറാണിയുടെയും ഉടസ്ഥതയിലുള്ള മോത്തിലാൽ നെഹ്റു മാർഗിലെ ബംഗ്ലാവ് സ്വന്തമാക്കാൻ ഒരുങ്ങുന്നത് ഇന്ത്യയിലെ പ്രമുഖ മദ്യ വ്യവസായി ആണെന്നാണ് സൂചന. ഡൽഹിയിലെ പ്രശസ്തമായ ലൂട്ടിയെൻസ് ബംഗ്ലാവ് സോണിലെ വസതിക്ക് 1400 കോടിയാണ് ഉടമകൾ ആദ്യം ആവശ്യപ്പെട്ടതെങ്കിലും നീക്കുപോക്കിന് തയ്യാറായെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ ഏറ്റവും വലിയ വസ്തു കച്ചവടമാണിത്. ബ്രിട്ടീഷ് ആർക്കിടെക്ട് എഡ്വിൻ ലൂട്ടിയെൻസ് 1912നും 1930നും ഇടയിൽ രൂപകൽപന ചെയ്‌ത ലൂട്ടിയെൻസ് ബംഗ്ലാവ് സോണിലാണ് ആഢംബര വസതി. 1948ൽ തീൻമൂർത്തി ഹൗസിലേക്ക് താമസം മാറും വരെ നെഹ്റു ഇവിടെയാണ് താമസിച്ചിരുന്നത്. ഒരു കാലത്ത് രാജ്യത്തിന്റെ പൾസായിരുന്നു ഇവിടം.

 ലൂട്ടിയെൻസ് ബംഗ്ലാവ് സോൺ

1. ഡൽഹിയിലെ വി.വി.ഐ.പി മേഖല

2. രൂപകൽപന ചെയ്തത് ബ്രിട്ടീഷ് ആർകിടെക്സ് എഡ്വിൻ ലൂട്ടിയെൻസ്

3. ബംഗ്ലാവ് നിർമ്മിച്ചത് 1912നും 1930നും ഇടയിൽ

4. 28 ചതുരശ്ര കിലോമീറ്റർ പ്രദേശം

5. ലൂട്ടിയെൻസ് മേഖലയിൽ 3000 ബംഗ്ലാവുകൾ

6. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, മന്ത്രിമാർ അടക്കമുള്ളവർ താമസക്കാർ

7. 600 വസതികൾ സ്വകാര്യ വ്യക്തികളുടേത്

നെഹ്‌റുവിന്റെ വസതിയുടെ പ്രത്യേകതകൾ

1. വിലാസം: 17, മോത്തിലാൽ നെഹ്റു മാർഗ് (പഴയവിലാസം: 17, യോർക്ക് റോഡ്)

2. 3.7 ഏക്കറിൽ 24,000 ചതുരശ്രയടിയിലാണ് ബംഗ്ലാവ്

3. ഡൽഹിയിലെ താജ് മാൻസിംഗ് ഹോട്ടലിന്റെ ഏതിർവശത്ത്