ജി.എസ്.ടി ഇളവ്: ഗുണം ജനങ്ങളിലേക്ക് എത്തിക്കാൻ കേന്ദ്രം
ന്യൂഡൽഹി : ജി.എസ്.ടി പരിഷ്ക്കരണത്തിന്റെ ഗുണം ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. സെപ്‌തംബർ 22 മുതലാണ് ജി.എസ്.ടി ഇളവ് പ്രാബല്യത്തിൽ വരുന്നത്.
5, 12, 18, 28 എന്നിങ്ങനെ നാല് സ്ലാബുകളിലായിരുന്ന ജി.എസ്.ടി 5%, 18% എന്നീ രണ്ടു സ്ലാബുകളിലേക്കാണ് മാറുന്നത്. 375ൽപ്പരം ഉത്പന്നങ്ങൾക്ക് കാര്യമായ വിലക്കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. കമ്പനികൾ ഉത്പന്നങ്ങളുടെ വില കുറയ്‌ക്കുന്നുണ്ടോ, വർദ്ധിപ്പിക്കുന്നോ തുടങ്ങിയവ കേന്ദ്രം നിരീക്ഷിക്കും. പരാതികൾ ധനമന്ത്രാലയത്തിന്റെ കീഴിലുള്ള നികുതി വകുപ്പ് അന്വേഷിക്കും.
പരിഷ്‌ക്കരണത്തിന്റെ ഗുണം ഉപഭോക്താക്കളിലേക്ക് എത്തണമെന്നും, കമ്പനികൾ വില കൂട്ടുന്ന സാഹചര്യം ഉണ്ടാകരുതെന്നും കേരളം അടക്കം പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. അക്കാര്യം താൻ നേരിട്ടു നിരീക്ഷിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ വ്യക്തമാക്കി.